ഫീല്‍ഡിങിലും നിയന്ത്രണം
ഓവര്‍ റേറ്റ് നിയന്ത്രണങ്ങളെക്കുറിച്ച് നിയമാവലിയൂടെ 13.8ാമത്തെ ഖണ്ഡികയിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതു പ്രകാരം ഇന്നിങ്‌സിന്റെ അവസാന ഓവറിലെ ആദ്യ ബോള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തോ, പുനര്‍ക്രമീകരിച്ച സമയത്തോ ടീമിനു എറിയാന്‍ കഴിഞ്ഞിരിക്കണം. അവര്‍ അത്തരമൊരു സാഹചര്യത്തില്‍ അല്ലെങ്കില്‍ ഇന്നിങ്‌സിലെ ശേഷിച്ച ഓവറുകളില്‍ 30 വാര സര്‍ക്കിളിനു പുറത്തു ഒരു ഫീല്‍ഡറെ കുറച്ചു മാത്രമേ ആ ടീമിനു നിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് ഐസിസിയുടെ നിയമാവലിയില്‍ പറയുന്നത്. ഇവയ്ക്കു പുറമെയാണ് മല്‍സരശേഷമുള്ള പിഴയടക്കമുള്ള മറ്റു നടപടികള്‍.
ഓസീസ് തന്ത്രം
എന്നാല്‍ ഇത്തരം നൂലാമാലകളെല്ലാം ഒഴിവാക്കാന്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഒരു പുതിയ തന്ത്രം തയ്യാറാക്കിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ. അവര്‍ തന്നെയാണ് ഇതേക്കുറിച്ച് ലോകത്തെ ഇക്കാര്യം ഒരു വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. കുറഞ്ഞ് ഓവറുകള്‍ മല്‍സരത്തില്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നാണ് ഓസ്‌ട്രേലിയ അവകാശപ്പെടുന്നത്.
ഈ തന്ത്രം ഇംഗ്ലണ്ടിനെതിരേ അടുത്തിടെ നടന്ന ടി20 പരമ്പരയില്‍ ഓസ്‌ട്രേിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇനി ടി20 ലോകകപ്പിലും ഇതു തുടരാന്‍ തന്നെയാണ് കംഗാരുപ്പടയുടെ നീക്കം.
ബൗണ്ടറി ലൈനിന് പുറത്ത് ഫീല്‍ഡിങ്
എതിര്‍ ടീം ബൗണ്ടറികളും സിക്‌സറുമെല്ലാം പറത്തുമ്പോള്‍ പ്ലെയിങ് ഇലവനില്‍ ഇല്ലാത്ത ഒരു ഓസീസ് താരം പെട്ടെന്നു തന്നെ ബൗണ്ടറി ലൈനിന് അരികിലേക്ക് ഓടിയെത്തി ബോള്‍ ഫീല്‍ഡ് ചെയ്ത ശേഷം ടീമംഗങ്ങള്‍ക്കു പാസ് ചെയ്യുകയെന്നതാണ് ഓസീസ് പയറ്റിയിരിക്കുന്ന പുതിയ തന്ത്രം. ഇതേക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പങ്കുവച്ച വീഡിയോയില്‍ ഓസീസ് താരം ആഷ്ടണ്‍ ആഗര്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
പവര്‍പ്ലേയില്‍ ഗുണം ചെയ്യും
പവര്‍പ്ലേയില്‍ സ്വാഭാവികമായും എതിര്‍ ടീം വലിയ ഷോട്ടുകള്‍ക്കു നിരന്തരം ശ്രമിക്കും. എന്നാല്‍ ഫീല്‍ഡിങ് നിയന്ത്രണമുള്ളതിനാല്‍ പലപ്പോഴും ഗ്രൗണ്ടിലുള്ള ഒരു കളിക്കാരന് വേഗമെത്തി ഈ ബോള്‍ കളക്ട് ചെയ്ത് കളി പുനരാരംഭിക്കുകയെന്നത് എളുപ്പമുളള കാര്യമല്ല. അതുകൊണ്ടാണ് ബെഞ്ചിലുള്ള കളിക്കാര്‍ ഗ്രൗണ്ടിനു ചുറ്റും വിവിധ ഭാഗങ്ങളിലായി അണിനിരന്ന ശേഷം അതിവേഗം ബോള്‍ ഫീല്‍ഡ് ചെയ്ത് ഗ്രൗണ്ടിലേക്കു പാസ് ചെയ്യുന്നത്. ഇതു കാരണം സമയം ലാഭിക്കാന്‍ കഴിയും. പവര്‍പ്ലേയില്‍ ഈ തരത്തില്‍ ചെയ്യുന്നത് വെറും കോമണ്‍സെന്‍സ് മാത്രമാണ്. കാരണം ഈയൊരു സമയത്ത് ബൗണ്ടറി ലൈനിന് അരികില്‍ നിങ്ങള്‍ക്കു ഫീല്‍ഡര്‍മാര്‍ അധികമുണ്ടാവില്ലെന്നും ആഗര്‍ വിശദീകരിച്ചു.