എന്നാൽ ദേശീയ അവാർഡിന് ശേഷം തന്റെ കരിയറിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയുകയാണ് സുരഭിയിപ്പോൾ. തന്റെ സുഹൃത്തും ദേശീയ അവാർഡ് നേടിയ നടനും സംവിധായകനുമായ മുസ്തഫ അവാർഡ് ലഭിച്ച ശേഷം തനിക്ക് നൽകിയ ഉപദേശം സത്യമായെന്നും സുരഭി പറയുന്നു. നടി സ്വാസിക അവതാരകയായ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് സുരഭി ഇത് പറഞ്ഞത്. മുസ്തഫയുടെ ചിത്രം കാണിച്ച ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട നല്ല ഓർമ്മ പങ്കുവയ്ക്കാൻ പറഞ്ഞപ്പോഴാണ് ഇക്കാര്യം പറയുന്നത്.
‘മുസ്തഫയും നാഷണൽ അവാർഡ് വിന്നറാണ്. എനിക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ മുസ്തുക്ക വിളിച്ചു. നിനക്ക് അവാർഡ് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. പക്ഷെ ഒരുകാര്യം ഞാൻ പറയാം. ഈ അവാർഡ് കിട്ടിയത് കൊണ്ട് നിന്നെ മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ നായികയാകും എന്ന് വ്യാമോഹിക്കരുത്. അത് നടക്കില്ല.
മലയാള സിനിമയിലെ വലിയ സംവിധായകരുടെ സിനിമയിൽ വലിയ വേഷം അഭിനയിക്കുന്ന നടിയായി നീ മാറില്ല. നീ ചെയ്ത ഹാർഡ് വർക്കിന്റെ ഫലമാണ്. അത് തന്നെ ചെയ്തു കൊണ്ടിരിക്കുക. നിരന്തരം അത് തുടരുക. അപ്പോൾ അതിന്റെതായ മാറ്റങ്ങൾ, അത് ചെറുതോ വലുതോ വന്നോളും. അങ്ങനെ ആകുമ്പോൾ നിനക്കു അല്പം സമാധാനം ഒക്കെ കിട്ടും.
Also Read: ‘പാർവതി വിഷം കുടിച്ചു, കടലിൽ ചാടി’; വിവാഹശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് ജയറാം പറഞ്ഞത്
ഇപ്പോൾ എന്റെ ദേശീയ അവാർഡ് കാണുമ്പോൾ എന്തിനു വന്നെന്ന് ഞാനും ചോദിക്കാറുണ്ട്. കാരണം ഇത് കഴിഞ്ഞപ്പോൾ ഞാനും വിചാരിച്ചു എനിക്ക് കുറെ ക്യാരക്ടർ റോളുകൾ കിട്ടുമെന്ന്. അത് കിട്ടാത്തത് കൊണ്ടും സുഹൃത്തായത് കൊണ്ട് എനിക്ക് നൽകിയ സാരോപദേശമായിരുന്നു അത്. സത്യമായിരുന്നു അത്. അങ്ങനെയൊന്നും സംഭവിച്ചില്ല’, സുരഭി പറഞ്ഞു.
കഴിഞ്ഞ ദിവസം ഷോയിൽ ദേശീയ പുരസ്‌കാരം വാങ്ങാൻ പോയ അനുഭവങ്ങൾ താരം പങ്കുവച്ചിരുന്നു. ദേശീയ പുരസ്‌കാരത്തിന് തലേ ദിവസം റിഹേഴ്സലും മറ്റും ഉണ്ടായിരുന്നെന്നും താരങ്ങളെ കണ്ടതും പരിചയപ്പെട്ടതും നടി പറഞ്ഞു. തിരിച്ചു വന്നപ്പോൾ എയർപോർട്ടിൽ വെച്ചുണ്ടായ അനുഭവവും നടി പങ്കുവച്ചിരുന്നു. മെറ്റൽ ഡിറ്റക്ടറിൽ മെറ്റൽ കണ്ട് ബാഗ് ചെക്ക് ചെയ്തപ്പോൾ അവാർഡ് കണ്ട് മഞ്ജു വാര്യർ ആണോയെന്ന് അവിടത്തെ ഉദ്യോഗസ്ഥർ ചോദിച്ചെന്നാണ് സുരഭി പറഞ്ഞത്.
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ, നടൻ ശ്രീകുമാർ, നടിമാരായ പ്രിയാമണി, ഷീല എന്നിവരുമായുള്ള അടുപ്പത്തെ കുറിച്ചും സുരഭി സംസാരിക്കുന്നുണ്ട്. കെ ആർ പ്രവീൺ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുറി എന്ന സിനിമയാണ് സുരഭി ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയത്. തല, പൊരിവെയിൽ, അവൾ, ജ്വാല മുഖി തുടങ്ങി ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.