നഷ്ടം നികത്താന്‍ കെഎസ്ആര്‍ടിസി; ഐആര്‍സിടിസിയുമായി സഹകരിച്ച് പുതിയ പദ്ധതികള്‍

Spread the love


കൊച്ചി: നഷ്ടത്തിൽ ഓടുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യപടിയായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി (ഐആര്‍സിടിസി) സഹകരിച്ച് മിതമായ നിരക്കില്‍ അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ (ബിടിസി) ഐആര്‍സിടിസിയുമായി സഹകരിച്ച് ഡിസംബറോടെ ആദ്യ ടൂര്‍ പാക്കേജ് ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും വിനോദസഞ്ചാരികളെയും ഒറ്റ ടിക്കറ്റ് സമ്പ്രദായത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. യാത്രകള്‍ക്ക് ശേഷം അവരെ അതത് സ്റ്റേഷനുകളില്‍ തിരിച്ചിറക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

‘ഇതുസംബന്ധിച്ച് ഐആര്‍സിടിസി അധികൃതരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഈ മാസം അവസാനത്തോടെ ഇതില്‍ തീരുമാനമുണ്ടാകുമെന്ന്’ ബിടിസി സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രശാന്ത് വിജയ് പറഞ്ഞു.

ഇതിനോടൊപ്പം ഐആര്‍സിടിസിയുടെ എയര്‍ ടിക്കറ്റ് ബുക്കിംഗ് സേവനം ഉപയോഗിച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തിൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ബിടിസി ലക്ഷ്യമിടുന്നത്.

‘ദീര്‍ഘദൂര യാത്രകളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി കേരളത്തിലെ അംഗീകൃത ഹോട്ടലുകളുമായി സഹകരിച്ച് ‘കെഎസ്ആര്‍ടിസി ഫ്രഷ്’ എന്ന പേരില്‍ ഭക്ഷണം നല്‍കാനും ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. ഒപ്പം ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനവും പരിഗണനയിലുണ്ടെന്ന്’ പ്രശാന്ത് പറഞ്ഞു.

2021 നവംബര്‍ 1-നാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം ആരംഭിച്ചത്. ഒന്നാം വാര്‍ഷികത്തോട് അടുക്കുമ്പോള്‍ 2,500-ലധികം യാത്രകളിലൂടെ 1.20 ലക്ഷം യാത്രക്കാരെയാണ് കെഎസ്ആര്‍ടിസി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. പ്രതിമാസം 300 യാത്രകളാണ് ബിടിസി നടത്തുന്നത്. ഇതിലൂടെ കെഎസ്ആര്‍ടിക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമാണ് ലഭിക്കുന്നത്.

Also read: KSRTC സ്റ്റാഫ് 10000 രൂപയുടെ ഡീസലടിച്ചു; ‘മിന്നല്‍’ വഴിയിലാകാതെ രക്ഷപെട്ടു

‘അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ പ്രതിമാസം ശരാശരി 3,000 യാത്രകള്‍ സംഘടിപ്പിക്കുകയും 10-15 കോടി രൂപ വരുമാനം ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മിതമായ നിരക്കില്‍ ടൂര്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക വിഭാഗമായി ബിടിസ് സ്ഥാപിക്കാനും കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടത്തിന്റെ ഒരു ഭാഗം നികത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റില്‍ നിന്ന് മാത്രമായി 10-20 കോടി രൂപ വരുമാനം നേടാമെന്ന് പ്രതീക്ഷയിലാണ് മാനേജ്മെന്റെന്നും പ്രശാന്ത് പറഞ്ഞു.

Also read: KSRTC സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ മുതൽ; എവിടെ പോകാനും 10 രൂപ ടിക്കറ്റ്

അതേസമയം, പദ്ധതിക്ക് പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ പല ഡിപ്പോകളിലും യാത്രകള്‍ക്ക്‌ അനുയോജ്യമായ ബസുകള്‍ ഇല്ലാത്തത് ഏതാനും ട്രിപ്പുകള്‍ മുടങ്ങാന്‍ കാരണമായിട്ടുണ്ട്‌. മാത്രമല്ല പഴയ ബസുകളുടെ സ്‌പെയര്‍ പാര്‍ട്സ് ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ബിടിസിയിലൂടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ പുതിയ തൊഴില്‍ സംസ്‌കാരം കൊണ്ടുവരാന്‍ സാധിച്ചു. ജീവനക്കാര്‍ക്ക് ഇപ്പോള്‍ ഒരു ലക്ഷ്യബോധമുണ്ടായിട്ടുണ്ട്. കൂടാതെ ഓരോ ജീവനക്കാരന്റെയും നേട്ടങ്ങള്‍ വിശകലനം ചെയ്യുപ്പെടുന്നുമുണ്ട്. ടൂര്‍ ആസൂത്രണവും ഏകോപനവും ജീവനക്കാരാണ് നടത്തുന്നത്. കൊവിഡിന് ശേഷം, ഒരു വര്‍ഷത്തിനുള്ളില്‍ റെക്കോര്‍ഡ് ട്രിപ്പുകള്‍ നടത്തിയ ഒരേയൊരു ഏജന്‍സി കെഎസ്ആര്‍ടിസിയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: KSRTC, IRCTC, BTC, Kerala,കെഎസ്ആര്‍ടിസി, ഐആര്‍സിടിസി, ബിടിസി, കേരളം

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!