‘മികച്ച മാതൃക’; പോലീസുകാരൻ മാങ്ങാ മോഷ്ടിച്ചതിൽ ആർക്കും പരാതിയില്ല; കോടതിയും അംഗീകരിച്ചു 

Spread the love


Thank you for reading this post, don't forget to subscribe!
കോട്ടയം: സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു. മാമ്പഴ മോഷ്ടാവായ ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ പി വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി കോടതി അംഗീകരിച്ചു. ഐ പി സി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു.  കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുൽ റസാഖിന്റേതാണ് ഉത്തരവ്.

രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തിൽ പോലീസിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി മാമ്പഴ മോഷ്ടാവായ പോലീസുകാരന് അനുകൂലമായ വിധി പുറത്തിറക്കിയത്.

പോലീസുകാരൻ പ്രതിയായ കേസ് ഒത്തുതീർപ്പാക്കാൻ അനുവദിച്ചാൽ സമൂഹത്തിൽ അത് തെറ്റായ സന്ദേശം നൽകുമെന്ന് ഇന്നലെ കോടതിയിൽ പോലീസ് വാദിച്ചിരുന്നു. കേസിൽ സാധാരണക്കാരനല്ല പ്രതി എന്ന് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പോലീസിന്റെ വാദമുഖങ്ങൾ. നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പോലീസിനു വേണ്ടി കോടതിയിൽ ഹാജരായ സർക്കാർ അഭിഭാഷക അഡ്വ പി അനുപമ വാദിച്ചു. വാദം കേട്ട ശേഷം വിധി പറയാനായി കോടതി ഇത് മാറ്റിവെക്കുകയായിരുന്നു.

Also Read- ‘പോലീസുകാരന്റെ മാമ്പഴ മോഷണം ഒത്തുതീർക്കാനാകില്ല’; സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ്

പോലീസുകാരൻ മാമ്പഴം  മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെയാണ് സമൂഹത്തിൽ ഇത് വലിയ ചർച്ചയ്ക്ക് കാരണമായത്. തുടർന്ന് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ പി വി ഷിഹാബ് മുങ്ങി. ഇയാളെ പിടികൂടുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് മാധ്യമപ്രവർത്തകർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞമാസം മുപ്പതിന് ഉണ്ടായ സംഭവത്തിൽ 20 ദിവസത്തോളം കയ്യിൽ സമയം ഉണ്ടായിട്ടും പ്രതിയെ പിടികൂടാൻ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് സംഭവത്തിൽ ഒത്തുകളി ആരോപണം രൂക്ഷമായത്.

Also read: പോലീസുകാരന്റെ മാങ്ങാമോഷണ കേസിൽ ഒത്തുകളി; കേസുമായി പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരൻ

നേരത്തെ ബലാത്സംഗ കേസിൽ പ്രതിയായ പി വി ഷിഹാബ് ജാമ്യത്തിൽ കഴിയുകയായിരുന്നു. ഇതിനെ തുടർന്നാണ് കോട്ടയത്ത് നിന്നും ഇയാളെ ഇടുക്കി ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. മാമ്പഴ മോഷണ വിവാദം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി നൽകിയ അന്വേഷണ റിപ്പോർട്ടിൽ പിവി ഷിഹാബിനെ പോലീസ് സേനയിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. 2019 ലെ ബലാൽസംഗം കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി എന്ന നിലയ്ക്ക്  ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും പോലീസ് പറഞ്ഞിരുന്നു. നിലവിൽ ഇയാളുടെ ജാമ്യം റദ്ദാക്കിയില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഫലത്തിൽ പോലീസ് ഈ കേസിൽ എടുത്ത നിലപാടുകൾ എല്ലാം സംശയകരമായിരുന്നു എന്ന് വ്യക്തമാവുകയാണ്.

Also read: മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി

മാമ്പഴ മോഷണം ഒത്തുതീർപ്പായ നടപടിക്കെതിരെ ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും  രംഗത്ത് വന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ  ഒത്തുകളി ഉണ്ടായെന്ന് ബിജെപി മധ്യ മേഖല ആധ്യക്ഷൻ എൻ ഹരി ആരംഭിച്ചു.  പാലായിൽ എബിവിപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ പോലീസ് കാഞ്ഞിരപ്പള്ളിയിൽ പ്രതിക്കുവേണ്ടി ഒത്തു കളിക്കുകയായിരുന്നു എന്നാണ് ഹരി ചൂണ്ടിക്കാട്ടിയത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!