ഫൈനലിന്റെ റീപ്ലേ
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ ഓസീസ്- കിവീസ് പോരാട്ടം. അന്നു കിവികളെ എട്ടു വിക്കറ്റിനു തകര്‍ത്തായിരുന്നു ആരോണ്‍ ഫിഞ്ച് നയിച്ച കംഗാരുപ്പട കന്നി ലോകകിരീടമുയര്‍ത്തിയത്. ഈ മുറിവുണക്കാനായിരിക്കും കെയ്ന്‍ വില്ല്യംസണും സംഘവും ഇത്തവണയിറങ്ങുക.
2021ലെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നാലു വിക്കറ്റിനു 172 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. പക്ഷെ ഇതു പ്രതിരോധിക്കാന്‍ അവരുടെ ബൗളര്‍മാര്‍ക്കായില്ല. ഓസീസ് 18.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
അവസാന പരമ്പരകള്‍ തോറ്റു
ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും അത്ര മികച്ച ഫോമിലല്ല സൂപ്പര്‍ 12ലെ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. അവസാനമായി കളിച്ച പരമ്പരകളില്‍ ഇരുടീമുകളും പരാജയം രുചിച്ചിരുന്നു. സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ഓസീസ് 0-2നു പരാജയപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നു ടി20കളുടെ പരമ്പര 1-2നും അവര്‍ കൈവിട്ടു.
ന്യൂസിലാന്‍ഡാവട്ടെ സ്വന്തം നാട്ടിലെ ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനലില്‍ പാകിസ്താനോടു തോറ്റ ശേഷമാണ് ലോകകപ്പിനു എത്തിയിരിക്കുന്നത്.
കണക്കുകളില്‍ ഓസീസ്
ടി20യിലെ കണക്കുകളെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ ഓസ്‌ട്രേലിയക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ 15 ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ പത്തിലും വിജയം ഓസീസ് ടീമിനോടൊപ്പമായിരുന്നു. വെറും നാലു കളികളിലാണ് കിവീസിനു ജയിക്കാനായത്. ഒരു മല്‍സരം ടൈയാവുകയും ചെയ്തു.
സിഡ്നിയിലെ പിച്ച്
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു വരികയാണെങ്കില്‍ ഗാബ, പെര്‍ത്ത് എന്നീവിടങ്ങളിലേതു പോലെ പേസും ബൗണ്‍സും ഇവിടുത്തെ പിച്ചില്‍ ഇല്ല. സ്പിന്നര്‍മാരെയും സഹായിക്കുന്ന പിച്ചാണ് സിഡ്‌നിയിലേത്. ഇവിടുതെ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 160 റണ്‍സാണ്. രണ്ടാമിന്നിങ്‌സിലെ ശരാശരി സ്‌കോറാവട്ടെ 140 റണ്‍സുമാണ്. മല്‍സരം പുരോഗമിക്കവെ സ്ലോയാവുന്ന പിച്ച് കൂടിയാണിത്.
സാധ്യതാ 11
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, ഫിന്‍ അലെന്‍ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നീഷാം, മിച്ചെല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ഇഷ് സോധി, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്.