കഴിഞ്ഞ ഡിംസബറിൽ ബാലകൃഷ്ണ നായകനായി അഭിനയിച്ച അഖണ്ട എന്ന സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും മികച്ചതായിരുന്നു എന്നാണ് ആരാധകർ പറഞ്ഞത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം ബാലകൃഷ്ണ തന്റെ പ്രതിഫലം കൂട്ടിയിരുന്നു.
നിലവിൽ വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക കൂട്ടിയതായിട്ടാണ് അന്ന് റിപ്പോർട്ടുകൾ വന്നത്. ഇതുവരെ പത്ത് കോടിയോളം രൂപയായിരുന്നു ബാലയ്യ ഒരു സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിയിരുന്നത്.
Also Read: മോഹൻലാൽ നല്ല ഡാൻസറാണ്, മമ്മൂട്ടി അന്ന് ഡാൻസ് ചെയ്യില്ലായിരുന്നു; ശോഭന പറയുന്നു
ഇപ്പോൾ പത്ത് കോടി പ്രതിഫലം കൂട്ടിയ ബാലകൃഷ്ണ നിലവില്‍ അഭിനയിക്കുന്ന തെലുങ്ക് സിനിമയ്ക്ക് വേണ്ടി ഇരുപതി കോടിയോളം രൂപയാണ് വാങ്ങിക്കുന്നത്. പ്രതിഫലം ഇരട്ടിയാക്കിയതിലൂടെ തന്റെ ഡിമാന്‍ഡ് വർധിപ്പിച്ചിരിക്കുകയാണ് താരം.
അഭിനയത്തിന് പുറമെ ചില ടെലിവിഷൻ പരിപാടികളിലും അവതാരകനാണ് ബാലയ്യ. തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ചാറ്റ് ഷോ അൺസ്റ്റോപ്പബിൾ അവതരിപ്പിക്കുന്നത് ബാലയ്യയാണ്. ആദ്യ എപ്പിസോഡിൽ നാരാ ലോകേഷ്, നാരാ ചന്ദ്രബാബു നായിഡു എന്നിവരായിരുന്നു മുഖ്യാതിഥികളായി പങ്കെടുത്തത്.
വരാനിരിക്കുന്ന എപ്പിസോഡിൽ വിശ്വക് സെന്നും സിദ്ധു ജോന്നലഗദ്ദയും അതിഥികളായി എത്തും. ഈ എപ്പിസോഡിന്റെ ട്രെയിലർ ആഹാ എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പുറത്തുവിട്ടിട്ടുണ്ട്. പുറത്തിറങ്ങിയ എപ്പിസോഡ് ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
മാത്രമല്ല രണ്ട് യുവതാരങ്ങളോടും കൗണ്ടറടിച്ച് ബാലയ്യയും കട്ടക്ക് കൂടെ നിൽക്കുന്നുണ്ട്. അതിഥിയായി വന്ന സിദ്ധു ജോന്നലഗദ്ദയോട് അലസമായി കിടക്കുന്ന മുടി ചീകിയൊതുക്കാമായിരുന്നില്ലേയെന്ന് ബാലയ്യ കളിയാക്കി ചോദിക്കുന്നതും ട്രെയിലറിൽ കാണാം.
ഒപ്പം യുവതാരങ്ങളും ബാലയ്യയോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ആരാണ് ഇപ്പോൾ താങ്കളുടെ ക്രഷെന്ന് യുവതാരങ്ങൾ ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ ബാലയ്യ നടി രശ്മിക മന്ദാനയുടെ പേര് പറഞ്ഞതും എല്ലാവരേയും അത്ഭുതപ്പെടുത്തി.
കന്നട സിനിമകളിലൂടെ എല്ലാവർക്കും സുപരിചിതയായ നടി രശ്മിക ഇപ്പോൾ പ്രശസ്തിയുടെ കൊടിമുടിയിലാണ്. കന്നടയും തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ എത്തിനിൽക്കുകയാണ് രശ്മികയുടെ പ്രശസ്തി.
ഇരുപത്തിയാറുകാരിയായ രശ്മികയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ അമിതാഭ് ബച്ചനൊപ്പമുള്ള ഗുഡ്ബൈയാണ്.
ദുൽഖർ സൽമാൻ-മൃണാൾ ഠാക്കൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സീതാരാമമാണ് രശ്മികയുടെ അടുത്തിടെ ഹിറ്റായ മറ്റൊരു ചിത്രം. വിജയ് ചിത്രം വാരിസാണ് അണിയറയിൽ ഒരുങ്ങുന്ന രശ്മികയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം. ആദ്യമായാണ് നടൻ വിജയ്ക്കൊപ്പം രശ്മിക അഭിനയിക്കുന്നത്.