കൊവിഡ് കാലത്ത് അടക്കം പക്ക ഫിറ്റ്നസോടെ മമ്മൂക്ക പങ്കുവെച്ച വർക്കൗട്ട് ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. പ്രായമെന്നത് അദ്ദേഹത്തിന് വെറുമൊരു സംഖ്യ മാത്രമാണെന്ന് ചിത്രങ്ങൾ കണ്ട ഓരോ പ്രേക്ഷകനും പറഞ്ഞു.
ശാരീരിക ക്ഷമതയ്‌ക്ക് മുന്നിൽ കീഴടക്കാൻ ഇനിയും ഒരുപാട് തലങ്ങൾ ബാക്കിയുണ്ടെന്ന് അദ്ദേഹത്തെ കാണുമ്പോൾ എല്ലാവരും തിരിച്ചറിയും. മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായി കാണുന്നതിനെ രഹസ്യം എന്താണ്? മമ്മൂക്കയുടെ ദൈനംദിന ജീവിതത്തെ പറ്റി പറയാമോ? എന്നതൊക്കെ പതിവായി മമ്മൂട്ടി കാണുമ്പോൾ ആളുകൾ ചോദിക്കുന്നതാണ്.
Also Read: മോഹൻലാൽ നല്ല ഡാൻസറാണ്, മമ്മൂട്ടി അന്ന് ഡാൻസ് ചെയ്യില്ലായിരുന്നു; ശോഭന പറയുന്നു
പുതുതലമുറയ്ക്ക് പോലും ഈ 71 ആം വയസിലും മമ്മൂട്ടിയൊരു ആവേശമാണ്. ഓരോ ദിവസവും കൃത്യമായി വർക്കൗട്ട് ചെയ്യാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഷൂട്ടിങ് ലൊക്കേഷനുകളിലും ഒപ്പം ട്രെയിനറുണ്ടാകും. അതോടൊപ്പം കർശനമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്നുണ്ട്.
പതിവായി വ്യായാമം ചെയ്യുന്നത് പ്രായത്തെയും പിരിമുറുക്കത്തെയും പിടിച്ചുനിർത്താൻ സഹായിക്കുമെന്ന് താരം വിശ്വസിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഫിറ്റ്നസ് കണ്ടും അദ്ദേഹത്തിന്റെ ഉപദേശം കൊണ്ടും ബിജു മേനോൻ അടക്കമുള്ള താരങ്ങൾ ജിമ്മിൽ ചേർന്ന കഥകൾ വരെയുണ്ട്.
ഇപ്പോഴിത അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം താരത്തിന്റെ പേഴ്സണൽ ട്രെയിനർ വിപിൻ സേവ്യർ പങ്കുവെച്ചിരിക്കുകയാണ്. ‘മമ്മൂക്കയുടെ പ്രായത്തിന് അനുസരിച്ചുള്ള ജിമ്മും എക്വുപ്മെന്റ്സുമാണ് അദ്ദേഹത്തിന്റെ വീട്ടിൽ സെറ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് കാലത്ത് കുറച്ച് നാൾ വ്യായാമം കുറച്ചിരുന്നു.’
‘പിന്നീട് കൃത്യമായി പഠിച്ച ശേഷമാണ് ചെറിയ രീതിയിൽ വർക്കൗട്ട് തുടങ്ങിയത്. എല്ലാ കാര്യങ്ങളിലും വളരെ അധികം ഡെഡിക്കേഷനുള്ള വ്യക്തിയാണ് മമ്മൂക്ക. ഒരു ദിവസം പോലും അലസമായി വിശ്രമത്തിന് മാറ്റി വെക്കാറില്ല അദ്ദേഹം.’
‘അദ്ദേഹം ഭാസ്കർ ദി റാസ്ക്കൽ ചെയ്യുന്ന സമയത്ത് ചെസ്റ്റ് അടക്കം എല്ലാം നല്ല ഫിറ്റായിരുന്നു. ആ സിനിമ ശ്രദ്ധിച്ചാൽ അന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് എത്രത്തോളമായിരുന്നുവെന്ന് മനസിലാകും.’
‘കാറിന്റെ പിറകിൽ നിന്ന് ഷർട്ടൂരുന്ന ഒരു സീനുണ്ട് അതിൽ നോക്കിയാലും എത്രത്തോളം ഫിറ്റ്ബോഡിയാണെന്ന് മനസിലാകും. നയൻതാരയെ തോളിലെടുക്കുന്ന സീനെല്ലാം ഫിറ്റ് ബോഡിയായിരുന്നു അന്ന് മമ്മൂക്കയ്ക്കെന്ന് വ്യക്തമാക്കുന്നുണ്ട്. പഴശ്ശിരാജയുടെ സമയത്താണ് അദ്ദേഹം പ്രോട്ടീൻ പൗഡർ കഴിച്ചത്.’
‘ഇപ്പോഴദ്ദേഹം കലോറി കണ്ടെത്തുന്നത് ചിട്ടയായ ഭക്ഷണത്തിലൂടെ മാത്രമാണ്. മമ്മൂക്കയൊരു ഫിറ്റ്നസ് അംബാസിഡറാണ്. അദ്ദേഹം യുവജനങ്ങളെക്കാൾ അഡ്വാൻസ്ഡാണ്. ഒന്നും എടുത്ത് ചാടി ചെയ്യില്ല. എല്ലാത്തിനെ കുറിച്ചും പഠിക്കും.’
‘മമ്മൂക്കയുടെ ഫിറ്റ്നസും ഉപദേശവും കൊണ്ട് ബിജു മേനോൻ, സിദ്ദീഖ് അടുക്കമുള്ളവർ ജിമ്മിൽ ജോയിൻ ചെയ്തിരുന്നു. ജിമ്മിനോടുള്ള താൽപര്യം കൊണ്ടല്ല അവരൊന്നും വന്നത് മമ്മൂക്കയെ ഒരു പ്രചോദനമായി കണക്കാക്കുന്നതുകൊണ്ട് മാത്രമാണ്’ വിപിൻ സേവ്യർ പറഞ്ഞു.