2007ല്‍ ഫലമില്ല
2007ലെ ഇന്ത്യയുടെ ആദ്യ മത്സരം സ്‌കോട്ട്‌ലന്‍ഡിനെതിരെയായിരുന്നു. ഈ മത്സരം ഫലമില്ലാതെയാണ് അവസാനിച്ചത്. കടുത്ത മഴയെത്തുടര്‍ന്നാണ് ഈ മത്സരം റദ്ദാക്കിയത്. ആദ്യ മത്സരത്തില്‍ പോയിന്റ് പങ്കിട്ട ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇത്തവണ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്. ഇതും മഴ കളിച്ച് മുടങ്ങാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ 2007ലെ ചരിത്രം ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയാം.
2009ല്‍ ഇന്ത്യ ജയിച്ചു
2009ലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ എതിരാളി ബംഗ്ലാദേശായിരുന്നു. 25 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റണ്‍സാണ് അടിച്ചെടുത്തത്. ഗൗതം ഗംഭീര്‍ (50), യുവരാജ് സിങ് (18 പന്തില്‍ 41) വെടിക്കെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 155 റണ്‍സാണ് നേടിയത്. നാല് വിക്കറ്റ് നേടിയ പ്രഗ്യാന്‍ ഓജയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
2010ലും വിജയത്തുടക്കം
2010ലെ ടി20 ലോകകപ്പിലും ഇന്ത്യയുടെ തുടക്കം വിജയത്തോടെയായിരുന്നു. അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 116 റണ്‍സ് വിജയലക്ഷ്യത്തെ 14.5 ഓവറില്‍ ഇന്ത്യ മറികടന്നു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇത്തവണ എല്ലാ വമ്പന്മാര്‍ക്കും ഭീഷണി ഉയര്‍ത്താന്‍ അഫ്ഗാന് കരുത്തുണ്ട്.
2012ലും ഇന്ത്യ ജയിച്ചു
2012 ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിലും ഇന്ത്യക്ക് വിജയത്തോടെ തുടങ്ങാനായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 159 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന് 136 റണ്‍സാണ് നേടാനായത്. വിരാട് കോലി 39 പന്തില്‍ 50 റണ്‍സുമായി തിളങ്ങി. ഇന്ത്യക്കായി എല്‍ ബാലാജിയും യുവരാജ് സിങ്ങും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
2014ല്‍ പാകിസ്താനെ തകര്‍ത്തു
2014ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താനായിരുന്നു. മുഹമ്മദ് ഹഫീസ് നയിച്ച പാകിസ്താനെ 130 റണ്‍സില്‍ ഇന്ത്യ ഒതുക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇത്തവണയും ഇന്ത്യയുടെ എതിരാളികളായി പാകിസ്താനെത്തുമ്പോള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത് ഇതേ മത്സരഫലം.
2016ല്‍ തോല്‍വി തുടക്കം
2016ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെയായിരുന്നു. ന്യൂസീലന്‍ഡിനോടാണ് ഇന്ത്യ തോറ്റത്. ന്യൂസീലന്‍ഡിനെ 126 എന്ന ചെറിയ സ്‌കോറിലേക്കൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും മറുപടിക്കിറങ്ങി 79 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയുടെ അന്തകനായി മാറിയത്.
2021ല്‍ വമ്പന്‍ തോല്‍വി
2021ലെ ടി20 ലോകകപ്പിലെ തോല്‍വി ഇന്ത്യക്ക് അത്ര പെട്ടെന്ന് മറക്കാനാവാത്തതാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനോടാണ് ഇന്ത്യ തോറ്റത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുന്ന ആദ്യത്തെ മത്സരമായിരുന്നു ഇത്. ഇന്ത്യയുടെ 152 റണ്‍സ് വിജയലക്ഷ്യത്തെ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താന്‍ മറികടന്നു.