പ്രസവ ശേഷം താൻ പോസ്റ്റ് പാർട്ടം ഡിപ്രഷനിലൂടെ കടന്നു പോയതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. തന്റെ ശരീരം തനിക്ക് അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള നടി കൂടിയാണ് സമീറ. മറ്റു നടിമാരെ പോലെ പ്രായത്തിനനുസരിച്ച് തന്റെ ശരീരത്തിനുണ്ടായ മാറ്റങ്ങൾ മറച്ചുവയ്ക്കാൻ സമീറ ശ്രമിച്ചിട്ടില്ല. തന്റെ നരച്ച മുടിയും സ്‌ട്രെച്ച് മാര്‍ക്ക് വീണ വയറുമൊക്കെ നടി പുറംലോകത്തെ കാണിച്ചിട്ടുണ്ട്.
അടുത്തിടെ, ശരീര ഭംഗി സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും സെൽഫ് ലൗവിനെ കുറിച്ചും സമീറ സംസാരിച്ചിരുന്നു. കോസ്‌മോപൊളിറ്റൻ ഇന്ത്യ എന്ന മാഗസിന് നൽകിയ അഭിമുഖത്തിലാണ് സമീറ റെഡ്ഡി ശരീര ഭംഗിയെ കുറിച്ച് തുറന്ന് പറഞ്ഞത്. സമൂഹം ആഗ്രഹിക്കുന്ന രീതിയിൽ തന്റെ ശരീരത്തിന്റെ മാറ്റാൻ തൻ ശരീര ഭാരം കുറയ്ക്കാൻ കഷ്ടപ്പെട്ടതിനെ കുറിച്ച് താരം പറഞ്ഞു.
ഗർഭധാരണത്തിന് ശേഷം തന്റെ ശരീരത്തെ കുറിച്ച് തനിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയിരുന്നെന്നും സമീറ പറയുന്നുണ്ട്. സമീറയുടെ വാക്കുകൾ ഇങ്ങനെ.
‘വർഷങ്ങളായി, ഞാൻ എന്റെ ശരീരത്തോടും ശരീര ഭംഗിയോടും പോരാടുകയാണ്. എല്ലാവരും പ്രതീക്ഷിക്കുന്ന രീതിയിൽ മാറുന്നതിന് എനിക്ക് എന്റെ ഭാരം കുറയ്‌ക്കേണ്ടി വന്നു, ഞാൻ ഡേറ്റ് ചെയ്ത പുരുഷന്മാർ പോലും എന്റെ കുറവുകൾ ചൂണ്ടി കാണിച്ചപ്പോൾ എന്റെ നില കൂടുതൽ വഷളാക്കി. എന്റെ ഗർഭധാരണത്തിനു ശേഷവും, എനിക്ക് മുൻകാലങ്ങളിൽ തോന്നിയ അരക്ഷിതാവസ്ഥ കാരണം എന്നെത്തന്നെ സ്നേഹിക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു’, സമീറ പറഞ്ഞു.
തന്റെ മക്കൾക്ക് ജന്മം നൽകിയതിന് ശേഷം തന്റെ ശരീരം എങ്ങനെ മാറിയെന്നും സമീറ പറയുന്നുണ്ട്. സ്വയം സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സമീറ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആത്മാഭിമാനമാണെന്നും പറഞ്ഞു.
‘പ്രസവശേഷം, ഒരു സ്ത്രീ മാസങ്ങൾക്കുള്ളിൽ പഴയ രൂപത്തിലെത്തുമെന്ന് പലരും കരുതുന്നു, ഇത് ശരിയല്ല. എനിക്ക് ഇപ്പോഴും അയഞ്ഞ വയറുണ്ട്, അത് എത്രമാത്രം വ്യായാമം ചെയ്തിട്ടും മാറിയിട്ടില്ല…. എനിക്ക് പഴയ കാലഘട്ടത്തിലേക്ക് മടങ്ങാൻ കഴിയുമെങ്കിൽ, ആത്മാഭിമാനത്തിൽ പ്രവർത്തിക്കാൻ ഞാൻ എന്റെയുള്ളിലെ യുവതിയോട് പറയും,’ സമീറ പറഞ്ഞു.
2013 ൽ പുറത്തിറങ്ങിയ വാരധനായക എന്ന കന്നഡ ചിത്രത്തിലാണ് സമീറ അവസമായി അഭിനയിച്ചത്. 2012 ൽ പുറത്തിറങ്ങിയ വേട്ടൈ ആയിരുന്നു സമീറയുടെ അവസാന തമിഴ് ചിത്രം. ഹിന്ദിയിൽ അനിൽ കപൂർ, അജയ് ദേവ്ഗൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ടെസിലാണ് അവസാനം അഭിനയിച്ചത്.