Also Read: ഷൂട്ടിങ് നിർത്തിവെച്ച് മോഹൻലാൽ അമ്മയ്ക്ക് വേണ്ടി ചെന്നു; നടനോട് ബഹുമാനം ഇതുകൊണ്ടെന്ന് ബാല
തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയ മല്ലിക ഇടയ്ക്കിടെ കൊച്ചിയിൽ മക്കളെ കാണാൻ വരാറുണ്ട്. ഒറ്റയ്ക്കുള്ള ജീവിതം നയിക്കുന്ന താൻ മക്കളോടൊപ്പമല്ല കഴിയുന്നതെന്ന് മല്ലികയും വ്യക്തമാക്കിയിട്ടുണ്ട്. വേറെ വീടുകളിൽ നിൽക്കുമ്പോൾ ആ സ്നേഹം എപ്പോഴും നിലനിൽക്കുമെന്നും മക്കളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ തനിക്ക് താൽപര്യം ഇല്ലെന്നുമാണ് മല്ലിക വ്യക്തമാക്കിയത്.
തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയായ മല്ലിക തന്റെ കുടുംബത്തെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കാറുണ്ട്. മരുമക്കൾക്ക് രണ്ട് പേർക്കും സ്നേഹം ഉണ്ടെങ്കിലും കുറച്ചു കൂടെ തന്നെ മനസ്സിലാക്കുന്നത് പൂർണിമ ഇന്ദ്രജിത്ത് ആണെന്ന് മല്ലിക അടുത്തിടെ പറഞ്ഞിരുന്നു. ഇടയ്ക്ക് വന്ന് കാണുന്നതും കണ്ടില്ലെങ്കിൽ വിഷമമാവുമെന്ന് മനസിലാക്കുന്നതും പൂർണിമ ആണെന്നായിരുന്നു മല്ലിക സുകുമാരൻ പറഞ്ഞത്.
ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. സുകുമാരൻ ജീവിച്ചിരുന്നെങ്കിൽ പൃഥിരാജും ഇന്ദ്രജിത്തും ഒരു വീട്ടിൽ താമസിച്ചേനെ എന്നാണ് മല്ലിക പറയുന്നത്. ജിഞ്ചർ മീഡിയോടാണ് പ്രതികരണം.
‘സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ പലയിടത്തുള്ള താമസം ഉണ്ടാവില്ലായിരുന്നു. എല്ലാവരും കൂടെ ഒന്നിച്ച് നിൽക്കത്തേ ഉള്ളൂ. അതെനിക്ക് നല്ല ഉറപ്പാണ്. ആൺപിള്ളേർ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണമെന്ന് പറയും. എന്നു വിചാരിച്ച് ഇവർ എങ്ങും പോവാതെ വീട്ടിൽ ഇരിക്കണം എന്നല്ല’
‘പക്ഷെ സുകുവേട്ടൻ ഉണ്ടെങ്കിൽ പറഞ്ഞേനെ എന്തിനാടാ ഇങ്ങനെ പല സ്ഥലത്തായി നിൽക്കുന്നത്. അച്ഛൻ ഇഷ്ടം തുറന്ന് പറയും. അമ്മമാർ അത് തുറന്ന് പറയത്തില്ല. പേടിയാ, കാരണം പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിമ്മമാർ പിശകാണ് എന്ന ചൊല്ലുണ്ട്. അമ്മായിഅപ്പനെ പറയത്തേ ഇല്ല. അത്കൊണ്ട് ഞാനത് പറയില്ല’
‘എനിക്ക് കിട്ടിയ വരദാനമാണ് സുകുമാരൻ എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചത്. കാരണം ഒരുപാട് വിഷമങ്ങളിലൂടെ കടന്ന് പോയി. ഞാനറിയാത്ത തെറ്റുകളിലൂടെ. എന്നിട്ടും ഞാനൊരക്ഷരം പറഞ്ഞിട്ടില്ല. പക്ഷെ അന്ന് കുറ്റപ്പെടുത്തിയ 70 ശതമാനം ആൾക്കാരും ശകലം ദൈവാദീനം ഉണ്ട് എന്ന് പറഞ്ഞു. അവിടെ നിന്ന് സുകുമാരൻ എന്ന വ്യക്തി എന്നെ രക്ഷപ്പെടുത്തിയത് വലിയ രക്ഷപ്പെടുത്തൽ ആയിരുന്നു. പിന്നീടങ്ങോട്ട് ഒന്നിനും ഞാൻ ദുഖിച്ചിട്ടില്ല’
‘അദ്ദേഹം വാങ്ങിച്ച സ്വത്തുക്കൾ കൂടുതലും എന്റെ പേരിൽ വാങ്ങിച്ചു’ ആൺപിള്ളേരാണ് രണ്ട് പേരും കെട്ടി രണ്ട് വഴിക്ക് പോവും എന്ന് പറഞ്ഞിരുന്നെന്നും മല്ലിക സുകുമാരൻ തമാശയോടെ പറഞ്ഞു.
മല്ലിക സുകുമാരനെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് പൃഥിരാജ് പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. പെട്ടെന്നൊരു ദിവസമാണ് അച്ഛൻ മരിച്ചതെന്നും വർഷങ്ങളായി വീട്ടമ്മയായിരുന്ന തന്റെ അമ്മ രണ്ട് മക്കളുടെയും ചുമതല ഏറ്റെടുത്തു. ഇതുവരെ എത്തിക്കാൻ ആ സ്ത്രീക്ക് സാധിച്ചു എന്നത് ആ സ്ത്രീയുടെ ശക്തിയാണെന്നാണ് പൃഥിരാജ് പറഞ്ഞത്.