കെ ടി ജലീലിന്‍റെ ആത്മകഥ പ്രസിദ്ധീകരണം നിർത്തി; ‘ഉത്തരവാദിത്തം പാലിക്കാത്തതിനാലെന്ന്’ പത്രാധിപർ

Spread the love


മുൻ മന്ത്രിയും ഇടത് എംഎൽഎയുമായ കെ ടി ജലീലിന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് സമകാലിക മലയാളം വാരിക നിർത്തിവെച്ചു. 21 ലക്കങ്ങൾ പ്രസിദ്ധീകരിച്ച ശേഷമാണ് ജലീലിന്‍റെ ‘പച്ച കലർന്ന ചുവപ്പ്’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്. വിദേശയാത്രയുടെ സാഹചര്യത്തിൽ എഴുത്ത് മുടങ്ങിയതോടെയാണ് പ്രസിദ്ധീകരണം നിർത്തിയതെന്ന് വാരികയുടെ പത്രാധിപർ സജി ജെയിംസ് വ്യക്തമാക്കി. ‘2022 ഒക്ടോബര്‍ 17നു പുറത്തിറങ്ങിയ ലക്കത്തിനു ശേഷം ഏതാനും ആഴ്ചത്തേക്കു പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണം എന്നും തിരിച്ചുവന്ന ശേഷം എഴുതിത്തരാം എന്നും ജലീൽ പറഞ്ഞു. അതായത് 2022 ഒക്ടോബര്‍ 24ന്റെ ലക്കം മുതല്‍ ചില ലക്കങ്ങള്‍ ‘പച്ച കലര്‍ന്ന ചുവപ്പ്’ മുടങ്ങും. ഈ സമീപനം അംഗീകരിക്കാന്‍ വാരികയ്ക്കു ബുദ്ധിമുട്ടുണ്ടായി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണ്; അതനുസരിച്ച് പരമ്പര എഴുതിത്തരാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അദ്ദേഹം പാലിക്കാതിരുന്നതുകൊണ്ട് ഈ ലക്കം മുതല്‍ പച്ച കലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സ്ഥിരമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു’- പത്രാധിപസമിതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ മെയ് ആദ്യ വാരം മുതലാണ് ‘കെ ടി ജലീല്‍ ജീവിതം എഴുതുന്നു’ എന്ന ടാഗ് ലൈനോടെ ആത്മകഥ പ്രസിദ്ധീകരിച്ചത്. മുസ്ലിം ലീഗിൽ നിന്നും ഇടതുപക്ഷത്തേക്കുള്ള മാറ്റം. 2006 കുറ്റിപ്പുറം തിരഞ്ഞെടുപ്പ്, ബന്ധു നിയമന വിവാദം, പിണറായി മന്ത്രിസഭയിൽ നിന്നുള്ള രാജി തുടങ്ങിയവയെല്ലാം ആത്മകഥയിൽ ഉണ്ടാകുമെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു. ഇതിന് പുറമെ ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ബോധ്യമുള്ള ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടാകുമെന്നും ജലീല്‍ സൂചിപ്പിച്ചിരുന്നു.

സമകാലികം മലയാളം വാരികയുടെ പത്രാധിപസമിതി നൽകിയ വിശദീകരണം

കഴിഞ്ഞ മെയ് ആദ്യ ആഴ്ച കെ ടി ജലീലിന്റെ ആത്മകഥ, പച്ചകലര്‍ന്ന ചുവപ്പ് പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഇതുവരെ വായനക്കാരില്‍ നിന്നു ഞങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ്. ആത്മകഥയെന്നല്ല എന്തു പ്രസിദ്ധീകരിച്ചാലും അനുകൂലമായും എതിര്‍ത്തും കത്തുകളും വിളികളും മറ്റുമുണ്ടാവുന്നത് പതിവാണുതാനും. എംഎല്‍എയും മുന്‍ മന്ത്രിയും പ്രമുഖ ഇടതുസഹയാത്രികരിലൊരാളുമായ കെ ടി ജലീലിന്റെ പല തുറന്നു പറച്ചിലുകളും പലരെയും അലോസരപ്പെടുത്തുന്നത് വിവിധ പ്രതികരണങ്ങളിലൂടെ അപ്പപ്പോള്‍ വാരിക അറിയുന്നുണ്ടായിരുന്നു. നേരെ മറിച്ച്, കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയണമെന്നും പഴയകാലം പറയുന്നത് പിന്നത്തേയ്ക്കു മാറ്റിവച്ച് സമകാലിക രാഷ്ട്രീയ അനുഭവങ്ങളിലേക്കു പോകണമെന്നും പറഞ്ഞവരുമുണ്ട് നിരവധി. കെ ടി ജലീലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനും കേസുകളില്‍ കുടുക്കാനും നടന്ന ശ്രമങ്ങള്‍, മന്ത്രിപദവിയില്‍ നിന്നുള്ള രാജിയിലേക്ക് എത്തിച്ച സംഭവങ്ങള്‍ തുടങ്ങിയതിലൊക്കെ അദ്ദേഹം എന്തു പറയുന്നു; ‘അന്തര്‍നാടകങ്ങള്‍’ എന്തൊക്കെയാണ്, പുറത്തുവരാതെ രാഷ്ട്രീയ അകങ്ങളില്‍ നീറിപ്പുകഞ്ഞത് എന്തൊക്കെയാണ് എന്നൊക്കെ അറിയാനുള്ള കേരളത്തിന്റെ ആകാംക്ഷ പത്രാധിപസമിതിയെ ചുട്ടുപൊള്ളിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം അതിന്റെ സ്വാഭാവിക ഒഴുക്കില്‍ത്തന്നെ എഴുതട്ടെ എന്നും, സമയമെടുത്തും സ്വന്തം തീരുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലും മുന്‍ഗണന നിശ്ചയിക്കട്ടെ എന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തിലേക്ക് സെന്‍സേഷനലിസത്തിന്റെ സമ്മര്‍ദവും ഇടപെടലും നടത്തുന്നതല്ല സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നതു തന്നെയാണ് കാരണം.

‘പച്ച കലര്‍ന്ന ചുവപ്പ്’ ഇനിയും മുന്നോട്ട് എഴുതാനും രാഷ്ട്രീയ പ്രാധാന്യമുള്ള പലതും അതില്‍ വരാനുമുണ്ട് എന്നുതന്നെയാണ് കെ ടി ജലീലില്‍ നിന്നു ഞങ്ങള്‍ മനസ്സിലാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വിദേശയാത്രയുടെ സന്ദര്‍ഭത്തില്‍ എഴുത്ത് മുടങ്ങുന്ന സ്ഥിതിയുണ്ടായി. 2022 ഒക്ടോബര്‍ 17നു പുറത്തിറങ്ങിയ ലക്കത്തിനു ശേഷം ഏതാനും ആഴ്ചത്തേക്കു പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണം എന്നും തിരിച്ചുവന്ന ശേഷം എഴുതിത്തരാം എന്നും പറഞ്ഞു. അതായത് 2022 ഒക്ടോബര്‍ 24ന്റെ ലക്കം മുതല്‍ ചില ലക്കങ്ങള്‍ പച്ച കലര്‍ന്ന ചുവപ്പ് മുടങ്ങും. ഈ സമീപനം അംഗീകരിക്കാന്‍ വാരികയ്ക്കു ബുദ്ധിമുട്ടുണ്ടായി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണ്; അതനുസരിച്ച് പരമ്പര എഴുതിത്തരാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അദ്ദേഹം പാലിക്കാതിരുന്നതുകൊണ്ട് ഈ ലക്കം മുതല്‍ പച്ച കലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സ്ഥിരമായി നിര്‍ത്തിവയ്ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അത് വായനക്കാരെ അറിയിക്കുകയും ചെയ്തു. അതിനപ്പുറത്ത്, അദ്ദേഹം എഴുതിയ ഉള്ളടക്കവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല’- സജി ജെയിംസ് പത്രകുറിപ്പിൽ പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!