പ്രധാനമന്ത്രി വയ വന്ദന്‍ യോജന
2020 മേയ് 26ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. ലൈഫ് ഇന്‍ഷൂറന്‍സ് കോ്ര്‍പ്പറേഷന്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.
15 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. നേരത്തെയിത് 7.50 ലക്ഷം രൂപയായിരുന്നു. മറ്റു നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ ഗുണം.
ആദായം
പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ 10 വര്‍ഷകാലം നിക്ഷേപകന് പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ തുക മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വാര്‍ഷികമായോ കൈപ്പറ്റാം. ഇതിന് അനുസരിച്ച് നിക്ഷേപം ആരംഭിച്ച് തൊട്ടടുത്ത മാസം മുതലോ വര്‍ഷം പൂര്‍ത്തിയായാലോ പെന്‍ഷന്‍ ലഭിക്കും. നിക്ഷേപിച്ച തുക പദ്ധതി കാലാവധിക്ക് ശേഷം തിരികെ ലഭിക്കും. കാലാവധിക്കുള്ളില്‍ നിക്ഷേപകന്‍ മരണപ്പെടുകയാണെങ്കില്‍ നോമിനിക്ക് പണം ലഭിക്കും.
പലിശ നിരക്ക്
പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ 2023 മാര്‍ച്ച് 31 വരെയാണ് ചേരാന്‍ സാധിക്കുക. ഇതുവരെ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക് 7.40 ശതമാനമാണ്. മാസത്തില്‍ പലിശ കണക്കാക്കും. ഇതുവഴി 7.66 ശതമാനത്തിന്റെ നേട്ടം നി്‌ക്ഷേപകന് ലഭിക്കും. പദ്ധതി കാലാവധിയോളം ഈ തുക പെന്‍ഷന്‍ ലഭിക്കും. ഓഫ്‍ലൈനായി മാത്രമെ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ. ഇതിനായി എൽഐസി ശാഖകളെ സമീപിക്കാം.
പെന്‍ഷന്‍ തുക
പദ്ധതിയില്‍ നിന്ന് മാസത്തില്‍ ചുരുങ്ങിയത് 1,000 രൂപയും പരമാവധി 9,250 രൂപയും പെന്‍ഷന്‍ ലഭിക്കും.മാസത്തില്‍ 1,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 1,62,162 രൂപ നിക്ഷേപിക്കണം. വര്‍ഷത്തില്‍ പെന്‍ഷന്‍ വാങ്ങാന്‍ ചുരുങ്ങിയത് 1,56,658 രൂപ നിക്ഷേപിച്ചാല്‍ മതിയാകും. മാസത്തില്‍ പരമാവധി പെന്‍ഷന്‍ വാങ്ങാന്‍ നിക്ഷേപിക്കേണ്ടത് 14,89,933 രൂപയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി നിക്ഷേപിക്കാവുന്ന തുക 15 ലക്ഷം രൂപയാണ്.
മാസത്തില്‍ 10,000 രൂപ നേടുന്നത് എങ്ങനെ
ദമ്പതികള്‍ക്ക് പദ്ധതിയില്‍ ചേരുന്നത് മാസം 10,000 രൂപ മാസ വരുമാനം നേടാനാകും. ഇതിനായി ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ പ്രധാനമന്ത്രി വയ വന്ദന്‍ യോജന അക്കൗണ്ട് ആരംഭിക്കണം. ഓരോ അക്കൗണ്ടിലും 8,10,811 രൂപയാണ് നിക്ഷേപിക്കേണ്ടത്. 7.40 ശതമാനം പലിശ നിരക്കില്‍ മാസത്തില്‍ ഓരോ അക്കൗണ്ടില്‍ നിന്നും 5,000 രൂപ വീതം പലിശ ലഭിക്കും.
10 വര്‍ഷം ഇത്തരത്തില്‍ മാസ വരുമാനം ലഭിക്കും. അതേസമയം വ്യക്തിഗത അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് മാസം 9,250 രൂപ 10 വര്‍ഷത്തേക്ക് ലഭിക്കും.