പരിപാടിയുടെ ഏറ്റവും പുതിയ പ്രോമോ ഇപ്പോൾ വൈറലാവുകയാണ്. വിവാഹവേഷത്തിലെ തങ്ങളുടെ ഫോട്ടോ വൈറലായതിനെക്കുറിച്ചും കുഞ്ഞുങ്ങളില്ലാത്തതിന്റെ സങ്കടത്തെക്കുറിച്ചും സാജുവും രേഷ്മിയും സംസാരിക്കുന്നതാണ് വീഡിയോയിൽ.
അടുത്തിടെ, അമ്പലത്തിന് മുന്നില്‍ നിന്നും തുളസിമാല ചാര്‍ത്തി നില്‍ക്കുന്ന സാജുവിന്റെയും രശ്മിയുടേയും ചിത്രം വൈറലായിരുന്നു. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് വധുവിന്റെ കൈയ്യില്‍ മോതിരം അണിയ്ക്കുന്നതും ശേഷം ഇരുവരും തുളസിമാല അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയുമായിരുന്നു ചിത്രങ്ങൾ.
ഇതിനു പിന്നാലെ ഗുരുവായൂരില്‍ വെച്ച് ഇവര്‍ വീണ്ടും വിവാഹിതരായെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഇവരുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നില്ലേ, വീണ്ടും വിവാഹം കഴിച്ചതാണോ തുടങ്ങിയ സംശയങ്ങളുമായി ആരാധകർ എത്തിയിരുന്നു. പ്രോമോയിൽ ആ ഫോട്ടോ വൈറലായതില്‍ പിന്നെ തങ്ങൾക്ക് ഇരിക്കപ്പൊറുതിയുണ്ടായിട്ടില്ലെന്ന് സാജു നവോദയ പറയുന്നുണ്ട്. ഞാനും എന്റളും ഷോയ്ക്ക് വേണ്ടി നടത്തിയതായിരുന്നു ആ വിവാഹമെന്നാണ് പ്രോമോയിൽ നിന്ന് ഇപ്പോൾ മനസിലാവുന്നത്.
കുട്ടികളില്ലാത്തതിന്റെ വിഷമം സാജു പങ്കുവയ്ക്കുന്നുണ്ട്. 21 വര്‍ഷമായിട്ട് ഞങ്ങള്‍ക്ക് കുട്ടികളില്ല. ഒരിക്കൽ ഗർഭം ധരിച്ചിരുന്നെങ്കിലും ഡോക്ടർ പറഞ്ഞിട്ട് അത് അബോർട്ട് ചെയ്യേണ്ടി വന്നു എന്നാണ് സാജു പറയുന്നത്. സാജു പറയുമ്പോള്‍ രശ്‌മി പൊട്ടിക്കരയുന്നതും വീഡിയോയിൽ ഉണ്ട്.
ഭഗവാനോട് പ്രാര്‍ത്ഥിച്ച് അങ്ങനെയെങ്കിലും ഒരു കുഞ്ഞിനെ എനിക്ക് കിട്ടിയാല്‍ മതിയെന്നും രശ്മി
കരഞ്ഞു കൊണ്ട് പറയുന്നുണ്ട്. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ കളിയാക്കലുകള്‍ ഒരുപാട് കേട്ടിട്ടുണ്ടെന്നും രശ്മി പറയുന്നുണ്ട്. പൊട്ടിക്കരയുന്ന രശ്മിയോട് സാജു തമാശ പറയുമ്പോൾ കണ്ണുതുടച്ച് ചിരിക്കുന്ന രശ്മിയേയും വീഡിയോയില്‍ കാണാം. ശനിയും ഞായർ ദിവസങ്ങളിലാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.
നേരത്തെ തന്റെ ഒളിച്ചോട്ട കല്യാണത്തെ കുറിച്ച് സാജു നവോദയ ഷോയിൽ പറഞ്ഞിരുന്നു. ചേട്ടന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു ഒളിച്ചോട്ടമെന്നും. ചേട്ടന്റെ ആദ്യരാത്രി വരെ താൻ കാരണം കുളമായെന്നുമാണ് താരം പറഞ്ഞത്. രശ്‌മിയെ പ്രണയിച്ചതിനെ കുറിച്ചും വീട്ടിൽ പോയി പെണ്ണ് ചോദിച്ചപ്പോൾ ആട്ടി ഇറക്കിയതിനെ കുറിച്ചും സാജു പറഞ്ഞിരുന്നു. താൻ കലാരംഗം വിട്ട് പെയിന്റ് പണിക്ക് പോകാൻ തുടങ്ങിയപ്പോൾ നിർബന്ധിച്ച് ഇതിലേക്ക് വിട്ടത് രശ്മിയാണെന്നും സജു പറഞ്ഞു.