ഇന്ത്യ (2007, ഏകദിന ലോകകപ്പ്)
2003ലെ ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീം ഫൈനല്‍ വരെയെത്തിയിരുന്നു. അന്നു ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ കിരീടം കൈവിടുകയായിരുന്നു. അതുകൊണ്ടു തന്നെ 2007ലെ അടുത്ത എഡിഷനില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങിയത്. പക്ഷെ വന്‍ ഷോക്കാണ് ടീമിനു നേരിട്ടത്. ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. സൂപ്പര്‍ 8ല്‍ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള മല്‍സരങ്ങളില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ ചീട്ട് കീറിയത്.
പാകിസ്താന്‍ (2007, ഏകദിന ലോകകപ്പ്)
ഇന്ത്യയെപ്പോലെ തന്നെ 2007ലെ ഏകദിന ലോകകപ്പില്‍ പാകിസ്താനും ആദ്യറൗണ്ടില്‍ തന്നെ നാട്ടിലേക്കു മടങ്ങേണ്ടി വന്നിരുന്നു. സൂപ്പര്‍ 8ലായിരുന്നു അവര്‍ക്കു അടിതെറ്റിയത്. അയര്‍ലാന്‍ഡിനോടും വെസ്റ്റ് ഇന്‍ഡീസിനോടുമേറ്റ പരാജയങ്ങള്‍ പാകിസ്താനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ഓസ്‌ട്രേലിയ (2009, ടി20 ലോകകപ്പ്)
2009ലെ ടി20 ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയക്കും ആദ്യറൗണ്ടില്‍ അടിതെറ്റിയിരുന്നു. ഇംഗ്ലണ്ടിലായിരുന്നു അന്നത്തെ ടൂര്‍ണമെന്റ് അരങ്ങേറിയത്. ഗ്രൂപ്പുഘട്ടത്തില്‍ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരോടേറ്റ പരാജയങ്ങള്‍ ഓസീസിനെ ലോകകപ്പില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ഇംഗ്ലണ്ട് (2015, ഏകദിന ലോകകപ്പ്)
2015ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ അവര്‍ക്കു ആദ്യറൗണ്ടില്‍ തന്നെ കാലിടറി. ചെറുടീമുകളായ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരെ മാത്രമാണ് ഇംഗ്ലണ്ടിനു തോല്‍പ്പിക്കാനായത്. മറ്റു നാലു മല്‍സരങ്ങളും തോറ്റതോടെ അവര്‍ ക്വാര്‍ട്ടറിലെത്താതെ പുറത്തായി.
വെസ്റ്റ് ഇന്‍ഡീസ് (2007 ടി20 ലോകകപ്പ്, 2022 ടി20 ലോകകപ്പ്)
രണ്ടു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട വെസ്റ്റ് ഇന്‍ഡീസ് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോലും കാണാതെ പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റിനു നേരിട്ടു യോഗ്യത നേടാന്‍ അവര്‍ക്കായിരുന്നില്ല. ഇതോടെയാണ് യോഗ്യതാറൗണ്ട് കളിക്കേണ്ടിവന്നത്. എന്നാല്‍ സ്‌കോട്ട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ് ടീമുകളോടേറ്റ പരാജയം വിന്‍ഡീസിന്റെ വിധിയെഴുതി. സിംബാബ്‌വെയ്‌ക്കെതിരേ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്.
2007ലെ പ്രഥമ ടി20 ലോകകപ്പിലും വിന്‍ഡീസ് ആദ്യറൗണ്ടില്‍ മടങ്ങിയിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരോടു തോറ്റതോടെ വിന്‍ഡീസ് സൂപ്പര്‍ 8 കാണാതെ നാട്ടിലേക്കു വിമാനം കയറി.