2007നു ശേഷം ആദ്യ കിരീടം
15 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ ലോകകപ്പുമയി നാട്ടിലേക്കു മടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2007ലെ പ്രഥമ എഡിഷനില്‍ ചാംപ്യന്‍മാരായ ശേഷം ഇന്ത്യക്കു കപ്പുയര്‍ത്താനായിട്ടില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പരിക്കേറ്റത് ക്ഷീണമാണെങ്കിലും ഈ കുറവ് നികത്താന്‍ പകരക്കാര്‍ക്കു സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഒരുപിടി മാച്ച് വിന്നര്‍മാര്‍ ഇത്തവണത്തെ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവരില്‍ പകരക്കാരില്ലാത്ത ചില കളിക്കാരും കൂടിയുണ്ട്. ആരൊക്കെയാണ് ഇവരെന്നു പരിശോധിക്കാം.
രോഹിത് ശര്‍മ
ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ഇന്ത്യയുടെ മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്. തന്റേതായ ദിവസം വെടിക്കെട്ട് ബാറ്റിങിലൂടെ മല്‍സരഗതി തന്നെ മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കും. ഹിറ്റ്മാന്‍ മികച്ച തുടക്കം നല്‍കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറ നല്‍കുമെന്നുറപ്പാണ്.
സമീപകാലത്തു ടി20യില്‍ വലിയ ഇന്നിങ്‌സുകള്‍ അധികം കളിച്ചിട്ടില്ലെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. അതുകൊണ്ടു തന്നെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
വിരാട് കോലി
മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയാണ് ഇന്ത്യയുടെ മറ്റൊരു പ്രധാനപ്പെട്ട മാച്ച് വിന്നര്‍. കഴിഞ്ഞ എഡിഷനില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കൂടി അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ ഇത്തവണ ടീമിനായി പരമാവധി റണ്‍സ് അടിച്ചുകൂട്ടുകയെന്ന ചുമതല മാത്രമേ അദ്ദേഹത്തിനുള്ളൂ. അതുകൊണ്ടു തന്നെ ബാറ്റിങില്‍ പൂര്‍ണമായി ശ്രദ്ധിക്കാനും കോലിക്കു സാധിക്കും.
ഏഷ്യാ കപ്പിലൂടെ തിരിച്ചുവരവ്
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വരെ മോശം ഫോം കാരണം ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇവരുടെയെല്ലാം വായടപ്പിച്ചുകൊണ്ട് കോലി ബാറ്റിങിലെ പഴയ മാജിക്ക് തിരിച്ചുപിടിക്കുകയായിരുന്നു. 2019നു ശേഷം ആദ്യ സെഞ്ച്വറിയും ടി20 ഫോര്‍മാറ്റിലെ കന്നി സെഞ്ച്വറിയും അദ്ദേഹം നേടുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോര്‍ഡാണ് കോലിയുടേത്. കൂടാതെ ടി20 ലോകകപ്പില്‍ രണ്ടു തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി റെക്കോര്‍ഡിട്ട താരം കൂടിയാണ് അദ്ദേഹം.
സൂര്യകുമാര്‍ യാദവ്
ലോക ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ എഡിഷനില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും ഒരു ബാറ്ററെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. നിലവില്‍ ടി20യില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ബാറ്ററാണ് സൂര്യ. കൂടാതെ ഈ വര്‍ഷം ടി20യില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും അദ്ദേഹമാണ്.
ടി20യില്‍ ഇതിനകം തന്നെ ഒരു സെഞ്ച്വറിയും ഒമ്പതു ഫിഫ്റ്റികളും സൂര്യ തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് അദ്ദേഹം.
അക്ഷര്‍ പട്ടേല്‍
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു വന്ന താരമാണ് മറ്റൊരു ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍. പല കാര്യങ്ങളിലും ജഡ്ഡുവുമായി സാമ്യതയുള്ള താരം കൂടിയാണ് അദ്ദേഹം. ജഡ്ഡുവിനെപ്പോലെ ഇടംകൈയന്‍ സ്പിന്നറായ അക്ഷര്‍ ഇടംകൈയന്‍ ബാറ്റര്‍ കൂടിയാണ്.
ജഡേജയുടെ അഭാവം നികത്താന്‍ കഴിയുന്ന ഏക താരം അക്ഷര്‍ മാത്രമാണെന്നാണ് പലരുടെയും വിലയിരുത്തല്‍. മികച്ച ഫോമിലുള്ള അദ്ദേഹത്തിനു ബൗളിങില്‍ നിര്‍ണായക വിക്കറ്റുകളെടുക്കാനും ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കുവാനും സാധിക്കും.
മുഹമ്മദ് ഷമി
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ടീമില്‍ പകരം വയ്ക്കാന്‍ സാധിക്കാത്ത മറ്റൊരു താരം. അക്ഷര്‍ പട്ടേലിനെപ്പോലെ ലോകകപ്പ് സംഘത്തിലെ അപ്രതീക്ഷിത എന്‍ട്രിയാണ് അദ്ദേഹം. നേരത്തേ പ്രഖ്യാപിച്ച 15 അംഗ സംഘത്തില്‍ ഷമി ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ജസ്പ്രീത് ബുംറയ്ക്കു പരിക്കേറ്റ് പിന്‍മാറേണ്ടി വന്നതോടെ അദ്ദേഹം പകരക്കാരനായി ടീമിലേക്കു വരികയായിരുന്നു.
നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ള ഏറ്റവും വേഗമേറിയ ബൗളറും ഷമിയാണ്. ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ത്രില്ലിങ് ജയം സമ്മാനിച്ചത് അദ്ദേഹമായിരുന്നു. 20ാം ഓവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് ഷമി പിഴുതത്.