പലരും ഒന്നറിയാൻ പോലും ശ്രമിക്കാതിരുന്ന എൽജിബിടിക്യുവിനെ കുറിച്ച് വളരെ മനോഹരമായി ഒരു ടാസ്ക്കിനിടെ റിയാസ് സംസാരിച്ചത് വലിയ രീതിയിൽ വൈറലായിരുന്നു. സിനിമ മേഖലയിലുള്ള സ്ത്രീകളിൽ ഏറെപ്പേരും പിന്തുണച്ച ഒരു മത്സരാർഥി കൂടിയായിരുന്നു റിയാസ് സലീം.
ബിഗ് ബോസിലേക്ക് പോകും മുമ്പ് ചോദ്യം ചെയ്യപ്പെടേണ്ട സമൂഹത്തിലെ പല വിഷയങ്ങളും എടുത്ത് മനോഹരമായി സംസാരിച്ചിരുന്നു റിയാസ് സലീം. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം യാത്രയും പരിപാടികളും മറ്റുമായി തിരക്കിലായിരുന്നു റിയാസ്.
ഇപ്പോഴിത ഒരിടവേളയ്ക്ക് ശേഷം വളരെ ലൈവായി നിൽക്കുന്ന ഒരു വിഷയത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് റിയാസ് സലീം. ഇത്തവണ ഷൈൻ ടോം ചാക്കോയെ കുറിച്ചാണ് റിയാസ് സലീം സംസാരിച്ചിരിക്കുന്നത്.
തന്റെ അഭിമുഖങ്ങളെല്ലാം വൈറലാക്കി മാറ്റുന്ന നടനെന്ന പേരും ഷൈനിനുണ്ട്. വിചിത്രം സിനിമയുടെ പ്രമോഷനെത്തിയപ്പോൾ ഷൈൻ ചെയ്ത ചില പ്രവൃത്തികൾ ചൂണ്ടി കാട്ടിയാണ് റിയാസ് സലീം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെ തഗായി കണക്കാക്കപ്പെടുമെന്നാണ്’ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് റിയാസ് നൽകിയ അടിക്കുറിപ്പ്.
പൊതുഇടങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമയിലെ സ്ത്രീകളുടെ വിഷയങ്ങൾ പറയുമ്പോൾ ഷൈൻ ഇടപെട്ട് പിന്തിരിപ്പൻ മനോഭാവം കാണിച്ച് സ്ത്രീകളെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നാണ് റിയാസ് സലീം പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ചൂണ്ടികാട്ടുന്നത്. വിചിത്രം പ്രമോഷനിടെ നടി ജോളി ചിറയത്തിനെ സംസാരിക്കാൻ ഷൈൻ ടോം ചാക്കോ അനുവദിക്കുന്നില്ല.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചാണ് മാധ്യമപ്രവർത്തകരിൽ ഒരാൾ നടി ജോളിയോട് ചോദിച്ചത്. എന്നാൽ ജോളിയെ മറുപടി പറയാൻ അനുവദിക്കാതെ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സിനിമാ മേഖലയിൽ പ്രശ്നങ്ങളുണ്ടെന്ന് ഷൈൻ ഇടയിൽ കയറി പറഞ്ഞു.
അമ്മയിൽ മെമ്പർഷിപ്പ് എടുക്കാത്തതിനെ കുറിച്ച് ജോളി പറഞ്ഞപ്പോഴും ഷൈൻ ഇടപെട്ട് മറ്റെന്തൊക്കയോ സംസാരിച്ച് വഴിതിരിച്ച് വിട്ടു. സ്ത്രീകൾക്ക് സംസാരിക്കാൻ ലഭിക്കുന്ന സമയം ഇത്തരത്തിൽ ആളുകൾ കൈക്കലാക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും റിയാസ് വീഡിയോയിൽ പറഞ്ഞു.
റിയാസിന്റെ വീഡിയോ വൈറലായതോടെ നടി ശിൽപ ബാല, അപർണ മൾബറി അടക്കമുള്ളവർ കമന്റുകളുമായി എത്തി. ‘അയാൾ പറയുന്നത് കേൾക്കാൻ പോലും ഞാൻ അധികം ശ്രമിച്ചില്ല. അത് ഭയങ്കരമായിരുന്നു. റിയാസ് നിങ്ങളിൽ നിന്ന് ഞങ്ങൾ കാത്തിരിക്കുന്നത് ഇതാണ്. നിങ്ങളുടെ പുരോഗമന കാഴ്ചപ്പാട് പങ്കിടുന്നത് ഒരിക്കലും നിർത്തരുത്.’
‘ഇതാണ് മുഖ്യധാരയാകേണ്ടത്. നമ്മൾ നടത്തേണ്ട ചർച്ചകൾ ഇവയാണ്, സുഹൃത്തേ… നിങ്ങൾ തിരിച്ച് വന്നിരിക്കുന്നു, സത്യം ഇത്രയും നാൾ ഇല്ലാത്ത ഒരുതരം പട്ടിഷോയാണ് ഷൈനിപ്പോൾ കാണിക്കുന്നത്. ഒരുമാതിരി കോമാളിയായി പോകുന്നുവെന്നൊക്കെയാണ്’ കമന്റുകൾ വന്നത്.