കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനം: മദ്രാസ് റെജിമെന്‍റിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി; പ്രതിരോധമന്ത്രാലയം അന്വേഷണം തുടങ്ങി

Spread the love


Thank you for reading this post, don't forget to subscribe!
കൊല്ലം: കിളികൊല്ലൂർ ലോക്കപ്പ് മർദനത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതായി സൂചന. പൊലീസുകാരുടെ മർദ്ദനമേറ്റ സൈനികൻ വിഷ്ണുവിന്‍റെ കുടുംബം പ്രതിരോധ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. മദ്രാസ് റെജിമെന്‍റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു. വിഷ്മുവിന്‍റെ കുടുംബത്തിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇവർ കൊല്ലം സിറ്റി പോലീസ് കമ്മീഷണറുമായും കൂടിക്കാഴ്ച നടത്തും.

സൈനികനാണെന്ന് അറിയിച്ചിട്ടും പോലീസ് തല്ലിചതച്ചത് കേന്ദ്ര പ്രതിരോധ വകുപ്പ് അതീവ ഗൗരവകരമായാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ ഇതിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഒരു സൈനികനെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളിൽ പോലീസ് വീഴ്ച വരുത്തി. സംഭവത്തെക്കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് തന്നെ സൈനിക ഉദ്യോഗസ്ഥരോട് വിശദീകരിക്കേണ്ടിവരും.

അതേസമയം കിളികൊല്ലൂർ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് പൊലീസിന് തന്നെ തിരിച്ചടിയായി. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തര്‍ക്കത്തിനിടെ എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്‍റെ മുഖത്ത് കൈവീശി അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

മുഖത്ത് അടിയേറ്റ സൈനികൻ എസ്ഐയെ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടിപിടിക്കിടെ ഇരുവരും നിലത്ത് വീഴുകയും ചെയ്യുന്നുണ്ട്. ഭാഗിക ദൃശ്യങ്ങളാണ് പുറത്തുവന്നു. സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കിയതും പൊലീസ് സ്റ്റേഷനുള്ളിൽ മർദിച്ചതും വിവാദമായതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. ഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

Also Read-കൊല്ലം കിളികൊല്ലൂരില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

സംഭവത്തിൽ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ നാല് പോലീസുകാരെയും നേരത്തെ സ്ഥലംമാറ്റിയിരുന്നു.

ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐയും വിഷ്ണുമായി ഉണ്ടായ തർക്കമാണ് കള്ളക്കേസ് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!