കാട്ടുപന്നിയെ വേട്ടയാടി പിടികൂടി കറി വെച്ച് കഴിച്ച അഞ്ച് പേർ പിടിയിൽ
അടിമാലി: കാട്ടുപന്നിയെ കെണി വെച്ച് പിടികൂടി ഭക്ഷണമാക്കിയ അഞ്ച് പേരെ വനപാലകർ പിടികൂടി. അടിമാലി പഞ്ചായത്തിലെ നെല്ലിപാറ ആദിവാസി സെറ്റിൽമെൻ്റിൽ താമസിക്കുന്ന കണ്ണപ്പൻ (42), തങ്കച്ചൻ (30), സുജിത്ത് (40) തമ്പി (28), സ്വാമിനാഥൻ (42) എന്നിവരെയാണ് അടിമാലി ഡപ്യൂട്ടി റേഞ്ചർ ആർ.ബിനോജിൻ്റെ നേത്യത്വത്തിലുള്ള വനപാലകർ ശനിയാഴ്ച രാവിലെ പിടികൂടിയത്. വെള്ളിയാഴ്ച ഇവർ 20 കിലോ തൂക്കമുള്ള കാട്ടുപന്നിയെ കെണി വെച്ച് പിടികൂടി. അഞ്ച് പേരും വീതിച്ചെടുത്ത് വീട്ടിൽ കൊണ്ടുപോയി പാചകം ചെയ്ത് കഴിഞ്ഞു.
വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആദ്യം കണ്ണപ്പൻ്റെ വീട്ടിൽ പരിശോധന നടത്തി. കറി വെച്ച ഇറച്ചി പിടിച്ചെടുത്തു. തുടർന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് വീടുകളിൽ പരിശോധന നടത്തിയത്. എല്ലാ വീടുകളിൽ നിന്നും തൊണ്ടിമുതലും, കറിവെയ്ക്കാൻ ഉപയോഗിച്ച പാത്രങ്ങളും കണ്ടെടുത്തു. ശനിയാഴ്ച്ച വൈകിട്ടോടെ പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വനപാലകരായ സുധാമോൾ ഡാനി , വിനു രാഘവൻ, എ.കെ. അഖിൽ, എസ്.ബിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.