തിരുവനന്തപുരം > ഏക സിവിൽ കോഡിനെ ബിജെപി കാണുന്നത് നിയമപരിഷ്‌കരണമെന്ന മട്ടിലല്ലെന്നും ഹിന്ദുത്വ അജൻഡയുടെ ഭാഗമായിട്ടാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. “മണിപ്പുർ, ഏക സിവിൽ കോഡ് തുടങ്ങിയ ഹിന്ദുത്വ അജൻഡയെ എങ്ങനെ പ്രതിരോധിക്കാം’ എന്ന വിഷയത്തിൽ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്നുള്ളത് ബിജെപിയുടെ പ്രകടന പത്രികയിലുള്ളതാണ്. പ്രകടനപത്രികയിലെ സാംസ്‌കാരിക പൈതൃകമെന്ന വിഭാഗത്തിലാണ് അവർ ഏക സിവിൽ കോഡ് ഉൾപ്പെടുത്തിയത്. എന്നാല്‍ ഹിന്ദുത്വ അജൻഡയുടെ ഭാഗമായ സാംസ്കാരിക പൈതൃകമാണ് ബിജെപി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നിയമ കമീഷന്റെ റിപ്പോർട്ടിൽ ഏകീകൃത സിവിൽ കോഡ് ഇപ്പോൾ അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് വിശദീകരിക്കുന്നു. ലോകരാജ്യങ്ങൾ വ്യത്യസ്തതകളെ അംഗീകരിക്കുന്നു. ജനാധിപത്യത്തിന്റെ പുഷ്‌കലകാലത്തിന്റെ അടയാളമാണിതെന്നും റിപ്പോർട്ടിലുണ്ട്. ഏകത്വമുണ്ടാകേണ്ടത് വിവിധ മതവിഭാഗങ്ങൾ തമ്മിലല്ല, ഓരോ മതവിഭാഗങ്ങൾക്കും അകത്താണ് എന്നാണ് നിയമ കമീഷൻ പറഞ്ഞത്. എന്നാൽ ഇത് നിരാകരിക്കുകയാണ് കേന്ദ്രം. ഏകീകൃതമെന്ന ആശയത്തിന് എതിരാണ് പൗരത്വഭേദഗതി നിയമം.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് ആദ്യമായി ഒരു നിയമസഭ പ്രമേയം പാസാക്കിയത് കേരളത്തിലാണ്. ഹിന്ദുത്വ അജൻഡയ്ക്കെതിരെ യോജിപ്പോടെയുള്ള പോരാട്ടം വേണമെന്നും മന്ത്രി പറഞ്ഞു.
ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. മന്ത്രി ആന്റണി രാജു, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, അഡ്വ. വിനോദ് സെൻ, അഡ്വ. ഫിറോസ് ലാൽ, ശ്രീജ നെയ്യാറ്റിൻകര, പ്രൊഫ. അബ്ദുൽ റഷീദ്, അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ, അൽഅമീൻ ബീമാപള്ളി, ഡോ. എഎ അമീൻ, എം എം മാഹീൻ, കാസിം ഇരിക്കൂർ, എം എ ലത്തീഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ