ന്യൂഡൽഹി> ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ പതിനഞ്ചാമത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിലെത്തി. ഭാവി സഹകരണത്തിനായുള്ള മേഖലകൾ കണ്ടെത്തുന്നതിന് അംഗരാജ്യങ്ങൾക്ക് ഉപയോഗപ്രദമായ അവസരം ഉച്ചകോടി ഒരുക്കുമെന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മോദി പ്രസ്താവിച്ചു.
വിവിധ മേഖലകളിൽ ശക്തമായ സഹകരണത്തിനുള്ള അജണ്ടയാണ് ബ്രിക്സ് മുന്നോക്കുവെയ്ക്കുന്നത്. അടിയന്തര വികസനവിഷയങ്ങളുടെ ബഹുരാഷ്ട്ര സംവിധാനത്തിലെ പരിഷ്ക്കാരങ്ങളും അടക്കം തെക്കൻ രാജ്യങ്ങൾക്കെല്ലാം താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ചയ്ക്കെടുക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വേദിയായാണ് ബ്രിക്സിനെ നോക്കികാണുന്നത്– മോദി പറഞ്ഞു.
ജോഹന്നസ്ബർഗിലെത്തുന്ന ചില നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്നും മോദി അറിയിച്ചു. ബ്രിക്സിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ അതിഥി രാജ്യങ്ങളുമായി ആശയവിനിമയം നടത്തും. ബ്രിക്സ്– ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് പരിപാടികളിലും പങ്കെടുക്കുമെന്നും മോദി അറിയിച്ചു. വ്യാഴാഴ്ച വരെ മോദി ദക്ഷിണാഫ്രിക്കയിൽ തുടരും. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും ദക്ഷിണാഫ്രിക്കയിലെത്തി.