IPL 2025: ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ (Rajasthan Royals) 13കാരന്‍ വൈഭവ് സൂര്യവംശിയെ (Vaibhav Suryavanshi) പ്രശംസിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson). വൈഭവിന്റെ പവര്‍-ഹിറ്റിങ് ഇതിനകം സംസാരവിഷയമാണെന്നും ഇന്ത്യന്‍ ടീമില്‍ എത്താന്‍ സാധ്യതയുള്ള താരമാണെന്നും സഞ്ജു.
ഹൈലൈറ്റ്:
- ഐപിഎല്‍ അടുത്തയാഴ്ച മുതല്‍
- ചരിത്രം കുറിക്കാന്‍ വൈഭവ് എത്തുന്നു
- വൈഭവ് തയ്യാറെന്ന് സഞ്ജു സാംസണ്‍

‘സിക്‌സറുകള്‍ പറത്തുകയാണവന്‍, ഇന്ത്യന്‍ ടീമിലെത്തും…’ റോയല്‍സിലെ 13കാരനെ കുറിച്ച് സഞ്ജു സാംസണ്‍
ഐപിഎല്ലില്‍ കരാര്‍ ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരില്‍ ചേര്‍ത്തുകഴിഞ്ഞു. അവസാന ഇലവനില്‍ ഇടംലഭിക്കുന്നതോടെ പുതിയൊരു ചരിത്രം രചിക്കപ്പെടും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനാകും അദ്ദേഹം.
വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ വൈഭവിന് സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സഞ്ജു അഭിപ്രായപ്പെട്ടു. ‘വളരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ കളിക്കുന്നത്. അക്കാദമിയുടെ പരിശീലന ഗ്രൗണ്ടില്‍ അദ്ദേഹം സിക്‌സറുകള്‍ അടിക്കുകയായിരുന്നു. അവന്റെ പവര്‍-ഹിറ്റിങ് ഇതിനകം തന്നെ സംസാരവിഷയമാണ്. അദ്ദേഹത്തിന്റെ കഴിവുകള്‍ മനസ്സിലാക്കി പിന്തുണയ്ക്കുക എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് ചെയ്യാനുള്ളത്. ഒരു മൂത്ത സഹോദരനെപ്പോലെ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ്- ജിയോഹോട്ട്സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍ പരിപാടിയില്‍ സംസാരിക്കവെ സഞ്ജു പറഞ്ഞു.
രോഹിത് തന്നെ ക്യാപ്റ്റന്‍..! കോഹ്‌ലിയും ടീമില്‍, ഷമി ഇല്ല; 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
അദ്ദേഹത്തെ മികച്ച നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനം. ഡ്രസ്സിങ് റൂമില്‍ പോസിറ്റീവ് അന്തരീക്ഷം ഉറപ്പാക്കുകയും ഞങ്ങളുടെ കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കുറച്ച് വര്‍ഷത്തിനുള്ളില്‍ വൈഭവ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുണ്ട്. ഐപിഎല്ലിനായി അദ്ദേഹം തയ്യാറാണ്. ശക്തമായ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഭാവി എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം- സഞ്ജു കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഏഷ്യാ കപ്പില്‍ ഇന്ത്യ അണ്ടര്‍-19 ക്രിക്കറ്റ് ടീമിനായി വൈഭവ് കളിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന കിടിലന്‍ റെക്കോഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച താരമാണ്. 13 വയസ്സും 269 ദിവസവും പ്രായമുള്ളപ്പോഴാണിത്. 14 വയസ്സും 51 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറ്റം നടത്തിയ അലി അക്ബറിന്റെ റെക്കോര്‍ഡ് തകര്‍ത്തു. രഞ്ജി ട്രോഫിയിലും ലിസ്റ്റ് എ ക്രിക്കറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്.
ആറ് ഇന്ത്യക്കാര്‍, രോഹിത് ശര്‍മ ഇല്ല..! ചാമ്പ്യന്‍സ് ട്രോഫി ‘ടീം ഓഫ് ദ ടൂര്‍ണമെന്റ്’ പ്രഖ്യാപിച്ച് ഐസിസി
ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍ ചേര്‍ന്നത്. ഐപിഎല്ലില്‍ ലേലം ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ആത്മവിശ്വാസക്കുറവില്ലെന്നും അവര്‍ വളരെ ധീരരാണെന്നും സഞ്ജു നിരീക്ഷിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ സാഹചര്യവും ആവശ്യകതകളും അവര്‍ക്കറിയാം. ഉപദേശം നല്‍കുന്നതിനേക്കാള്‍, എന്നില്‍ നിന്ന് എന്ത് തരത്തിലുള്ള പിന്തുണയാണ് ആവശ്യമെന്ന് മനസിലാക്കി പ്രവര്‍ത്തിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും സഞ്ജു വിശദീകരിച്ചു.