ന്യൂഡൽഹി
ഭീമാ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട മാർക്‌സിസ്റ്റ് ചിന്തകനും മാധ്യമ പ്രവർത്തകനുമായ ഗൗതം നവ്‌ലഖയുമായി 1991 മുതൽ ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്‌തയ്ക്കുള്ള സൗഹൃദം ‘ഗുരുതര കുറ്റ’മെന്ന് ഡൽഹി പൊലീസ്. പ്രബീറിന്റെയും എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയുടെയും റിമാൻഡ് അപേക്ഷയിലും യുഎപിഎ ചുമത്തിയുള്ള എഫ്‌ഐആറിലുമാണ് ഡൽഹി പൊലീസ് വിചിത്ര ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നത്. കശ്‌മീർ കൂടാതെയുള്ള ഇന്ത്യയുടെ മാപ്പ് എങ്ങനെ തയ്യാറാക്കാം, അരുണാചലിനെ തർക്കപ്രദേശമായി എങ്ങനെ ചിത്രീകരിക്കാം തുടങ്ങിയ കാര്യങ്ങൾ ‘ചർച്ച’ ചെയ്‌തെന്ന അവകാശവാദവും ഡൽഹി പൊലീസ് ഉയർത്തുന്നു.
ന്യൂസ്‌ക്ലിക്കിനെതിരായി ഉയർത്തുന്നത് അതിവേഗം പൊട്ടിപ്പോകുന്ന ആരോപണ കുമിളകളാണെന്ന ബോധ്യം ഉള്ളതിനാലാണ് എഫ്‌ഐആർ പകർപ്പ് കൈമാറാൻ പൊലീസ് മടിക്കുന്നതും. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവൊന്നും എഫ്‌ഐആറിലോ റിമാൻഡ് അപേക്ഷയിലോ പരാമർശിക്കുന്നുമില്ല.
യുഎസ് ബിസിനസുകാരൻ നെവിൽ റോയ് സിങ്കവുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനത്തിൽനിന്ന് 2018 മുതൽ ന്യൂസ്‌ക്ലിക്കിന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എഫ്‌ഐആറിലുണ്ട്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറുടെ പരാതിപ്രകാരമാണ് ന്യൂസ്‌ക്ലിക്കിനെതിരായ എഫ്‌ഐആർ.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നതിനായി കോടികളുടെ വിദേശഫണ്ട് നിയമവിരുദ്ധമായി വരുന്നതായി രഹസ്യവിവരമുണ്ടെന്ന് റിമാൻഡ് അപേക്ഷയിൽ ഡൽഹി പൊലീസ് അവകാശപ്പെട്ടു. കുറ്റാരോപിതർ പരസ്‌പരം ബന്ധപ്പെട്ടിരുന്നെന്ന് ഇ–- മെയിൽ പരിശോധനയിൽ കണ്ടെത്തി. നിരോധിത നക്‌സൽ പ്രസ്ഥാനങ്ങളെ പിന്തുണയ്‌ക്കുന്ന നവ്‌ലഖയ്‌ക്ക് ദേശവിരുദ്ധ ബന്ധങ്ങളുണ്ട്. സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ മോശപ്പെടുത്താനും കുറ്റാരോപിതർ ശ്രമിച്ചു. നിയമവിരുദ്ധമായി വിദേശഫണ്ട് കൈപ്പറ്റി കർഷകസമരത്തെ നീട്ടിക്കൊണ്ടുപോയി സ്വത്തുവകകളുടെ നശീകരണത്തിനും കേടുവരുത്തലിനും ഇടയാക്കി–- ന്യൂസ്‌ക്ലിക്കിന്റെ ‘കുറ്റ’ങ്ങൾ റിമാൻഡ് അപേക്ഷയിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.
പോരാട്ടം ശക്തമാക്കും: കിസാൻസഭ
ന്യൂസ്‌ക്ലിക്കിനും ഇതര സ്വതന്ത്രമാധ്യമങ്ങൾക്കും നേരെ മോദിസർക്കാർ നടത്തുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള കടന്നാക്രമണങ്ങളെ അഖിലേന്ത്യ കിസാൻസഭ അപലപിച്ചു. ന്യൂസ്‌ക്ലിക്കിനെ ദേശവിരുദ്ധ ചാനലായി വിശേഷിപ്പിച്ച് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തി. കർഷകസമരം, പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം എന്നിവ റിപ്പോർട്ട് ചെയ്‌തതിനെക്കുറിച്ചാണ് ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകരോട് ഡൽഹി പൊലീസ് ചോദിച്ചത്.
‘ഗോദി മാധ്യമങ്ങൾ’ രാജ്യം ഭരിക്കുന്ന കോർപറേറ്റ്–-വർഗീയ കൂട്ടുകെട്ടിനെ പുകഴ്‌ത്തുമ്പോൾ, ന്യൂസ്‌ക്ലിക്ക് പോലുള്ള പുരോഗമന മാധ്യമങ്ങൾ കോർപറേറ്റ് ചൂഷണവും ഹിന്ദുത്വ വേട്ടസംഘങ്ങളുടെ ആക്രമണങ്ങളും പുറത്തുകൊണ്ടുവരുന്നു. മോദിസർക്കാരിനെ മുട്ടുകുത്തിച്ച കർഷകജനത അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണമെന്നും കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ എന്നിവർ ആഹ്വാനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ