വരുന്ന ശബരിമല തീർത്ഥാടന സീസണിൽ തീർത്ഥാടകര്‍ക്ക് നിലയ്ക്കലിൽ ഫാസ്ടാഗ് അധിഷ്‌ഠിത പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) പ്രസിഡന്റ് കെ. അനന്തഗോപൻ. ഐസിഐസിഐ ബാങ്കിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഈ സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ നിലവിൽ പാർക്കിംഗ് ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ഇതിലൂടെ ഏകദേശം 10 കോടിയുടെ വരുമാനം ലഭിക്കുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടൽ.
എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം അഞ്ചു കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് വ്യാഴാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഐസിഐസിഐ ബാങ്കുമായി ദേവസ്വം ബോർഡ് കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു. അതേസമയം കരാർ പ്രകാരം, ശേഖരിക്കുന്ന ഫീസിന്റെ 2.1% ബാങ്കിന് ലഭിക്കും. അതിൽ 1.50% ഫാസ്ടാഗ് അതോറിറ്റിക്കുള്ളതാണ്.
ശബരിമല തീര്‍ത്ഥാടകര്‍ അലങ്കരിച്ച വാഹനത്തിലെത്തിയാല്‍ പിഴ ഇടാക്കണമെന്ന് ഹൈക്കോടതി
കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഡിജിറ്റലായി പണം സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ഐസിഐസിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളുമായി ദേവസ്വം ബോർഡ് കരാറിലും ഏർപ്പെട്ടിട്ടുണ്ട്. ഇതോടെ ശബരിമല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ഓപ്ഷനുകൾ, ക്യുആർ കോഡ്, സ്വൈപ്പിംഗ് പേയ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളും ഭക്തജനങ്ങൾക്ക് ലഭ്യമാകും.
ശബരിമലയിലെ ഭണ്ഡാരത്തിന്റെ കവാടത്തിൽ പണമിടപാടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന മുറിയിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. അവിടെ എമർജൻസി എക്സിറ്റും സ്ഥാപിക്കും. കൂടാതെ പതിനെട്ടാം പടിക്ക് മുകളിൽ ഇരുവശത്തേക്കും മടക്കിവെക്കാവുന്ന മേൽക്കൂരയുടെ പണികൾ ഏകദേശം 75% പൂർത്തിയായതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ സ്വര്‍ണ ഉരുപ്പടികള്‍ നിക്ഷേപിക്കുന്നതിനുള്ള പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ബിഐയുടെ മുംബൈ ബ്രാഞ്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്ന ഏജന്റ്. ദൈനംദിന ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന സ്വർണാഭരണങ്ങൾ ഒഴികെയുള്ള സ്വർണ്ണ ശേഖരം ആർബിഐയിൽ നിക്ഷേപിക്കും. ആദ്യഘട്ടത്തിൽ 500 കിലോഗ്രാം സ്വർണം നിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. പ്രതിവർഷം ഇതുവഴി ഏകദേശം 5.50 – 6 കോടി രൂപയുടെ വരുമാനവും കണക്കാക്കുന്നുണ്ട്.
അതോടൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെടുമ്പോഴെല്ലാം ഈ നിക്ഷേപം സ്വർണക്കട്ടികളായോ പണമായോ തിരികെ നൽകുന്നതായിരിക്കും. അതേസമയം ദേവസ്വം ബോർഡ് ആസ്ഥാനത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതും തങ്ങളുടെ പദ്ധതിയിൽ ഉണ്ടെന്ന് അനന്തഗോപൻ അറിയിച്ചു. പ്രതിവർഷം ഒരു കോടി രൂപയുടെ വരുമാനമാണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.