കള്ളപ്പണക്കേസില്‍ ശിക്ഷാനിരക്ക്‌ കുറയുന്നത്‌ എന്തുകൊണ്ട്‌ ; ഇഡിയോട്‌ സുപ്രീംകോടതി

Spread the love



ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരമുള്ള കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാകുന്നത് എന്തുകൊണ്ടെന്ന് ഇഡിയോട് ആരാഞ്ഞ് സുപ്രീംകോടതി.

‘പത്തു വർഷത്തിനിടെ പിഎംഎൽഎ നിയമപ്രകാരം ഏകദേശം അയ്യായിരത്തോളം കേസുകൾ എടുത്തിട്ടുണ്ടെന്നും അതിൽ വെറും 40 കേസിൽ മാത്രമാണ് ശിക്ഷ ഉറപ്പാക്കാനായതെന്നും പാർലമെന്റിൽ ആരോ പ്രസ്താവന നടത്തിയിട്ടുണ്ടല്ലോ? ’–-സുപ്രീംകോടതി ഇഡിയോട് ചോദിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായ് ആഗസ്ത് ആറിന് പാർലമെന്റിൽ പിഎംഎൽഎ കേസുകളിലെ ശിക്ഷാനിരക്ക് സംബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഛത്തീസ്ഗഡിലെ വ്യവസായി സുനിൽകുമാർ അഗർവാൾ പിഎംഎൽഎ കേസിൽ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതി ജസ്റ്റിസ് സൂര്യകാന്ത് ഇഡിയോട് നിർണായകചോദ്യമുന്നയിച്ചത്.

‘കേസുകൾ കോടതികളിൽ സ്ഥാപിക്കാനാകണം. അതിന് നിലവാരമുള്ള തെളിവുകൾ ഹാജരാക്കണം. ചിലർ അത് പറഞ്ഞുവെന്നും ചിലർ ഇത് പറഞ്ഞുവെന്നും ആരോപിച്ച് സത്യവാങ്മൂലങ്ങൾ നൽകിയത് കൊണ്ട് കാര്യമില്ല. മൊഴികൾ നൽകിയവർ ഇന്നോ നാളെയോ അത് മാറ്റിപ്പറഞ്ഞാൽ അതിശയിക്കാനില്ല’–- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഇഡിയുടെ വിശാല അധികാരം:ഹർജികൾ 28ലേക്ക് മാറ്റി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ (പിഎംഎൽഎ) ഇഡിക്ക് വിശാലമായ അധികാരങ്ങൾ നൽകുന്ന വ്യവസ്ഥകൾ ശരിവച്ച വിധിക്ക് എതിരായ പുനഃപരിശോധനാഹർജികൾ പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി സുപ്രീംകോടതി. വിജയ്മദൻലാൽ ചൗധ്രി കേസിലെ (2022) വിധിക്കെതിരായ ഹർജികൾ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ പ്രത്യേകബെഞ്ചാണ് പരിഗണിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണിക്കേണ്ടതായിരുന്നെങ്കിലും ഇഡിയുടെ അപേക്ഷ പ്രകാരമാണ് മാറ്റിവച്ചത്.

ചൊവ്വ രാത്രി വൈകിയാണ് കേസ് ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തതെന്നും, വേണ്ട രീതിയിൽ തയ്യാറെടുക്കാനായില്ലെന്നുമായിരുന്നു ഇഡിയുടെ വാദം. ഇതേതുടർന്ന് കേസ് 28ലേക്ക് മാറ്റുകയായിരുന്നു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!