ശബരിമല
ശബരിമലയിൽ സൗരോർജ വൈദ്യുത പദ്ധതി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഫെഡറൽ ബാങ്ക്, കൊച്ചിൻ വിമാനത്താവള കമ്പനി(സിയാൽ) എന്നിവരുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുന്നത്. അഞ്ച് കേന്ദ്രങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനാണ് ആലോചന. ഇവിടെനിന്നു സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കും. പ്രതിദിനം രണ്ടര മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇത്തരത്തിൽ പ്രതിവർഷം 912.5 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും.
പ്രതിവർഷം പത്ത് കോടിയിലേറെ രൂപയാണ് വൈദ്യുതിക്കായി ശബരിമലയിൽ ചെലവഴിക്കുന്നത്. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന്റെയും പദ്ധതി നിർവഹണത്തിന്റെയും സാമ്പത്തിക സഹായം നൽകുന്നത് ഫെഡറൽ ബാങ്കാണ്. പത്ത് കോടി രൂപയോളം പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നു. സാങ്കേതിക സഹായം സിയാൽ നൽകും. ഇതിന്റെ ഭാഗമായി സിയാലിൽ നിന്നുള്ള വിദഗ്ധ സംഘം ഉടൻ ശബരിമലയിലെത്തി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കും. ശബരിമലയ്‌ക്കു പുറമേ ഏറ്റുമാനൂർ, വൈക്കം, ചെട്ടികുളങ്ങര തുടങ്ങിയ 26 ക്ഷേത്രങ്ങളിലും സൗരോർജ വൈദ്യുത പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ആധുനിക വനിതാ
വിശ്രമകേന്ദ്രം തുറന്നു
പമ്പയിലെത്തുന്ന സ്ത്രീകൾക്ക് വിശ്രമ കേന്ദ്രമെന്ന വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരമായി. വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമിച്ച വിശ്രമകേന്ദ്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പമ്പ സ്പെഷ്യൽ ഓഫീസർ ജയശങ്കർ, എക്സിക്യൂട്ടീവ് എൻജിനിയർമാരായ രാജേഷ് മോഹൻ, ശ്യാമപ്രസാദ്, പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി ഷിബു, അസി. എൻജിനിയർ അരുൺ എന്നിവർ സംസാരിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് 1000 ചതുരശ്ര അടിയിൽ ഒരേ സമയം 50 സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന വിശ്രമകേന്ദ്രം നിർമിച്ചത്. ശീതീകരിച്ച കെട്ടിടത്തിൽ വിശ്രമ മുറി, ഫീഡിങ് റൂം, ശുചിമുറികൾ എന്നിവയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ