സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം ; ഗവർണർക്കെതിരെ 
വിദ്യാർഥി പ്രതിഷേധം രൂക്ഷം

Spread the love



തിരുവനന്തപുരം
കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ പ്രതിഷേധക്കോട്ടതീർത്ത് വിദ്യാർഥികൾ. സർവകലാശാലാ ക്യാമ്പസിൽ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ, ചാൻസലർകുടിയായ ഗവർണർക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിലാണ് വിദ്യാർഥികൾ ശക്തമായ പ്രതിഷേധമുയർത്തിയത്.

തെരഞ്ഞെടുക്കപ്പെട്ട സർവകലാശാലാ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്തതിലും വർഗീയതയുടെ വേദിയായി കലാശാലകളെ മാറ്റുന്നതിലുമായിരുന്നു പ്രതിഷേധം. പ്രകടനമായെത്തിയ പ്രവർത്തകരെ സർവകലാശാലാ ഗേറ്റിനുമുമ്പിൽ പൊലീസ് തടഞ്ഞു. രണ്ടുവട്ടം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പൊലീസിനെ മറികടന്ന് ക്യാമ്പസിനുള്ളിൽ പ്രവേശിച്ച വിദ്യാർഥികൾ സെമിനാർ നടക്കുന്ന സെനറ്റ് ഹാളിനുമുന്നിലെത്തി. ഇതോടെ ഹാളിന്റെ വാതിലുകളും ജനലുകളും അടച്ചു.

ഗവർണറുടെയും വിസിയുടെയും ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ മുദ്രാവാക്യം വിളികളുമായി വിദ്യാർഥികൾ സെനറ്റ് ഹാൾ ഉപരോധിച്ചു. ഇത് സൂചനാ സമരം മാത്രമാണെന്നും ഈ സമീപനം തുടർന്നാൽ സർവകലാശാലയുടെ അകത്തളത്തിലേക്ക് സമരവുമായി എത്തുമെന്നും മുന്നറിയിപ്പുനൽകിയാണ് സമരം അവസാനിപ്പിച്ചത്.

പ്രതിഷേധം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനംചെയ്തു. സത്യപ്രതിജ്ഞ വൈകിപ്പിച്ച് രാഷ്ട്രീയ പകപോക്കൽ തുടർന്നാൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് അനുശ്രീ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്സൽ, സംസ്ഥാന കമ്മിറ്റിഅംഗം ആർ ആർ അനന്തു, ജില്ലാ പ്രസിഡന്റ് എം എസ് ജയകൃഷ്ണൻ, സെക്രട്ടറി എസ് കെ ആദർശ് എന്നിവർ നേതൃത്വം നൽകി.

അറസ്റ്റില്ലാത്തതിൽ വിഷമിച്ച് മാധ്യമങ്ങൾ
സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർത്ത് ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. കേരള സർവകലാശാല സെനറ്റ് ഹാളിലേക്ക് നടത്തിയ മാർച്ച് സൂചനമാത്രമാണെന്ന മുന്നറിയിപ്പാണ് വിദ്യാർഥികൾ നൽകിയത്. ഗവർണറുടെ നിലപാടിനെയല്ല, പ്രതിഷേധിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്യാത്തതിലാണ് ഒരു വിഭാഗം മാധ്യമങ്ങൾക്ക് വിഷമം. ചൊവ്വാഴ്ച ഗവർണറോട് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചതും വിദ്യാർഥികളെ അറസ്റ്റ് ചെയ്യാത്തതിലുള്ള അഭിപ്രായമാണ്. ഗവർണറാകട്ടെ ക്ഷുഭിതനായി സ്ഥലം വിട്ടു.

തെരഞ്ഞെടുക്കപ്പെട്ട സർവകലാശാലാ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻപോലും അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. സിൻഡിക്കറ്റിനെയും അംഗീകരിക്കുന്നില്ല. സംഘപരിവാർ നിർദേശ പ്രകാരമാണ് കേരള വി സി പ്രവർത്തിക്കുന്നത്. ഇതൊന്നും ഉയർത്തിക്കൊണ്ടുവരാതെ വിദ്യാർഥികളെ പഴിചാരാനാണ് മാധ്യമ ശ്രമം.
ചൊവ്വാഴ്ച കേരള സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിൽ ഭയന്ന ഗവർണർ അടച്ചിട്ട ഹാളിലാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. വിദ്യാർഥികൾ പിരിഞ്ഞുപോയശേഷമേ പുറത്തിറങ്ങിയുള്ളൂ. പ്രതികരണത്തിനായി മാധ്യമങ്ങൾ സമീപിച്ചെങ്കിലും ഒന്നും സംസാരിക്കാതെ കാറിൽകയറി സ്ഥലംവിട്ടു. എന്നാൽ, മാധ്യമങ്ങൾ പിന്നാലെകൂടിയപ്പോൾ ‘നിങ്ങൾ എന്തിന് എന്നോട് ചോദ്യം ചോദിക്കുന്നു. എനിക്ക് ഇതിലൊന്നും താൽപര്യമില്ല, പൊലീസിനോട് ചോദിക്കൂ ’ എന്നായിരുന്നു ഗവർണറുടെ മറുപടി.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!