കൊല്ലം: കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ മൂന്നാം ദിവസം എം മുകേഷ് എംഎൽഎ എത്തി. പാർട്ടി സമ്മേളനത്തിൽ സ്ഥലം എംഎൽഎയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. എം മുകേഷ് ഇവിടെ തന്നെയുണ്ടെന്നാണ് ചോദ്യങ്ങളോട് എംഎൽഎ പ്രതികരിച്ചത്. ജോലി തിരക്ക് കാരണമാണ് സമ്മേളന വേദിയിൽ എത്താൻ കഴിയാതിരുന്നത്. ലോഗോ പ്രകാശനത്തിന് താൻ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
എറണാകുളത്ത് നിന്നാണ് എം മുകേഷ് കൊല്ലത്ത് എത്തിയത്.”രണ്ടു ദിവസം ഇല്ലായിരുന്നു. മാധ്യമങ്ങളുടെ കരുതലിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നു. ഞാൻ പാർട്ടി മെമ്പർ അല്ല. അതിന്റെതായ പരിമിതികൾ ഉണ്ട്. അതുകൊണ്ടാണ് വരാഞ്ഞത്. അടുത്ത മാസം എംഎൽഎമാരുടെ ടൂർ ഉണ്ട്. ആ സമയത്തും കണ്ടില്ല എന്ന് പറയരുത്. ഇത്രയും ഗംഭീരമായ സമ്മേളനം നടക്കുന്നതിന് കൊല്ലത്തിന് അഭിമാനിക്കാം”– എം മുകേഷ് പറഞ്ഞു.
നേരത്തെ, എം മുകേഷ് എവിടെയെന്ന ചോദ്യത്തോട്, അത് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ പ്രതികരണം.ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്നുവന്നിരുന്ന ലൈംഗിക പീഡന പരാതിയിൽ മുകേഷിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെ പാർട്ടിപരിപാടികളിൽ മുകേഷിന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നുവെന്നാണ് വിവരം.