തിരിച്ചുവരവ് കളിയിൽ ബാറ്റിങ് വെടിക്കെട്ടുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ്. നേടിയത് 28 ബോൾ സെഞ്ചുറി.
ഹൈലൈറ്റ്:
- വെടിക്കെട്ട് സെഞ്ചുറിയുമായി എബി ഡിവില്ലിയേഴ്സ്
- മൂന്നക്കം കണ്ടത് വെറും 28 പന്തുകളിൽ
- ഡിവില്ലിയേഴ്സ് പറത്തിയത് 15 സിക്സറുകൾ

28 പന്തിൽ സെഞ്ചുറി, പറത്തിയത് 15 സിക്സറുകൾ; തിരിച്ചുവരവിൽ തകർത്തടിച്ച് എബി ഡിവില്ലിയേഴ്സ്
15 സിക്സറുകൾ അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഗംഭീര ഇന്നിങ്സ്. ഒറ്റ ഫോർ പോലും താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഡിവില്ലിയേഴ്സിന്റെ സെഞ്ചുറി മികവിൽ 20 ഓവറിൽ 278/8 എന്ന വമ്പൻ സ്കോറാണ് ടൈറ്റൻസ് ലെജൻഡ്സ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ബുൾസ് ലെജൻഡ്സ് 14 ഓവറിൽ 125/8 എന്ന സ്കോറിൽ നിൽക്കെ മഴ വില്ലനാവുകയായിരുന്നു.
അതേ സമയം എബി ഡിവില്ലിയേഴ്സിനെ കൂടാതെ ക്രിസ് മോറിസ്, ആൽബി മോർക്കൽ, ഫാനി ഡിവില്ലിയേഴ്സ് എന്നിവരും ടൈറ്റൻസ് ലെജൻഡ്സ് ടീമിലുണ്ടായിരുന്നു. സൂപ്പർ റഗ്ബി ടീമായ ബുൾസിന്റെ മുൻ താരങ്ങളാണ് ബുൾസ് ലെജൻഡ്സ് ടീമിൽ കളിച്ചത്.
ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായിരുന്നു ഡിവില്ലിയേഴ്സ്. ഏകദിനത്തിലും ടെസ്റ്റിലും ടി20 യിലും കിടിലൻ റെക്കോഡാണ് താരത്തിനുള്ളത്. ഏകദിനത്തിൽ 228 കളികളിൽ 53.50 ബാറ്റിങ് ശരാശരിയിൽ 9577 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റിൽ 114 മത്സരങ്ങളിൽ 50.66 ബാറ്റിങ് ശരാശരിയിൽ 8765 റൺസ് നേടിയിട്ടുള്ള എബി, 78 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 26.12 ബാറ്റിങ് ശരാശരിയിൽ 1672 റൺസും സ്വന്തമാക്കി.