ചാംപ്യൻസ് ട്രോഫി ഫൈനലിലെ രോഹിത് ശർമയുടെ മാച്ച് 76 റൺസ് ഇന്നിങ്സ്. എതിർനിര ടീമിനെ സമ്മർദത്തിലേക്ക് തള്ളിയിട്ട ഇന്നിങ്സ്. ന്യൂസിലൻഡിന് എതിരായ ഫൈനലിലെ ആ മാച്ച് വിന്നിങ് ഇന്നിങ്സിന്റെ ബലത്തിൽ ഏകദിന റാങ്കിങ്ങിൽ മുന്നേറി രോഹിത് ശർമ.
ഐസിസി ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ആണ് രോഹിത് ശർമ എത്തിയത്. 784 പോയിന്റോടെ ശുഭ്മാൻ ഗിൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനം നിലനിർത്തിയതിനൊപ്പം ഐസിസിയുടെ പ്ലേയർ ഓഫ് ദ് മന്ത് താരമായും ഗിൽ തിരഞ്ഞെടുക്കപ്പെട്ടു.
പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസം ആണ് ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ രണ്ടാമതുള്ളത്. 770 പോയിന്റാണ് ബാബറിനുള്ളത്. ഐസിസി ഏകദിന റാങ്കിങ്ങിൽ ആദ്യ പത്തിൽ പിന്നെ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടിയാണ് ഉള്ളത്. വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തും ശ്രേയസ് അയ്യർ എട്ടാം സ്ഥാനത്തും.
വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 736 പോയിന്റ് ആണ് കോഹ്ലിക്കുള്ളത്. ചാംപ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ശ്രേയസ് അയ്യർ എട്ടാം സ്ഥാനം നിലനിർത്തി.
ബോളർമാരുടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ കുൽദീപ് യാദവ് മുന്നേറ്റം നടത്തി. മൂന്നാം സ്ഥാനത്തേക്കാണ് കുൽദീപ് യാദവ് എത്തിയത്. 650 പോയിന്റ് ആണ് കുൽദീപിനുള്ളത്. ചാംപ്യൻസ് ട്രോഫിയിൽ കുഷദീപ് ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. രവീന്ദ്ര ജഡേജ പത്താം സ്ഥാനത്തേക്ക് തിരികെ എത്തി. 616 പോയിന്റ് ആണ് ജഡേജയ്ക്ക് ഉള്ളത്.
ശ്രീലങ്കയുടെ മഹേഷ് തീക്ഷണയാണ് ബോളർമാരുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാമത്. 680 പോയിന്റ് ആണ് താരത്തിനുള്ളത്. ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ രണ്ടാം സ്ഥാനത്തേക്ക് എത്തി. 657 പോയിന്റ് ആണ് സാന്റ്നർക്കുള്ളത്.