തിരുവനന്തപുരം: സ്പെഷ്യൽ ട്രെയിനുകൾക്ക് പുറമെ സ്ഥിരം ട്രെയിനുകൾക്ക് ചില താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.തിരുവനന്തപുരത്തുനിന്ന് 13ന് പകൽ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.
തീർഥാടകരുടെ സൗകര്യത്തിനായി 31 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചു. കന്യാകുമാരിയിൽനിന്ന് രാവിലെ 10.10നുള്ള ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) ഒരു മണിക്കൂർ വൈകി 11.10നാകും പുറപ്പെടുക. ഉച്ചയ്ക്കു 1.25ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്നുള്ള നാഗർകോവിൽ പാസഞ്ചർ (56310) 35 മിനിറ്റ് വൈകി രണ്ടിനായിരിക്കും പുറപ്പെടുക.
കെഎസ്ആർടിസി സർവ്വീസുകൾ
കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവൻ, വെള്ളനാട്, പേരൂർക്കട എന്നീ യൂണിറ്റുകളിൽ നിന്നും മാർച്ച് 14വരെ തീർഥാടകരുടെ തിരക്കനുസരിച്ച് ‘ആറ്റുകാൽ ക്ഷേത്രം സ്പെഷ്യൽ സർവീസ്’ ബോർഡ് വെച്ച് കൂടുതൽ സർവീസുകൾ നടത്തും.
തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളിൽ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും മാർച്ച് 12ന് ശേഷം ആരംഭിച്ച് 13 വരെയോ തീർഥാടകരുടെ തിരക്ക് തീരുന്നതുവരെയോ തിരുവനന്തപുരത്തേക്ക് അധിക സർവീസുകൾ നടത്തും.