മലയാള സിനിമാലോകവും തിയേറ്ററുകളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, റിലീസിനു കഷ്ടിച്ച് രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോഴും ചിത്രത്തിന്റെ പ്രമോഷനോ പുത്തൻ അപ്ഡേറ്റുകളോ ഒന്നും പുറത്തുവരുന്നില്ല.
ചിത്രത്തിന്റെ ട്രെയിലർ പോലും ഇതുവരെ പുറത്തുവന്നില്ല. ഇത്രയേറെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിട്ടും എന്താണ് പ്രൊമോഷനിലും മറ്റും എമ്പുരാൻ തണുപ്പൻ പ്രതികരണം സ്വീകരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച.
‘ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ ദയവ് ചെയ്ത് പറ’ എന്നാണ് ട്രോളന്മാരുടെ രോദനം. എന്താണ് യഥാർത്ഥത്തിൽ എമ്പുരാന് സംഭവിക്കുന്നത്? ലൂസിഫറിന്റെ സീക്വലല്ല എമ്പുരാൻ എന്നും 3 സിനിമകളുള്ള ഫ്രാഞ്ചൈസിയിലെ സ്റ്റാൻഡ് എലോൺ ചിത്രമാണെന്നും മുരളി ഗോപി വ്യക്തമാക്കിയിരുന്നു.
ലൂസിഫർ ഉണ്ടാക്കിയ ഓളം, വലിയ പ്രമോഷനൊന്നും നൽകിയില്ലെങ്കിലും എമ്പുരാനും ഹൈപ്പ് സമ്മാനിക്കുമെന്ന് കരുതിയിട്ടാണോ എമ്പുരാൻ ടീമിന്റെ ഈ തണുപ്പൻ പ്രൊമോഷൻ സ്ട്രാറ്റജി എന്നു മനസ്സിലാവുന്നില്ല. എന്തായാലും, ചിത്രത്തിന്റെ പ്രമോഷന്റെ അസാന്നിധ്യം തന്നെ എമ്പുരാനു ഹൈപ്പായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്.
അതേസമയം, ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലും എമ്പുരാന് വലിയ ഹൈപ്പാണ് ഉള്ളത്. എമ്പുരാൻ സിനിമ കാണാനായി ബുക്ക് മൈ ഷോയില്‍ താൽപ്പര്യം പ്രകടിപ്പിച്ചത് ഒരു ലക്ഷത്തിലേറെ ആളുകളാണ്.
2025ൽ ഇന്ത്യൻ സിനിമയിലുണ്ടായ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്നാണ് എമ്പുരാനെ ബോളിവുഡ് താരം അഭിമന്യു സിങ് വിശേഷിപ്പിച്ചത്. ചിത്രത്തിലെ പ്രധാന വില്ലനായി എത്തുന്നത് അഭിമന്യു ആണ്.
“എമ്പുരാൻ 2025ൽ ഇന്ത്യൻ സിനിമയിൽ ഉണ്ടായ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. അവർ ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ച പണം, നമുക്ക് സ്‌ക്രീനിൽ കാണാനും കഴിയും. ഓരോ സിംഗിൾ ഷോട്ടും അതിമനോഹരമാണ്. പൃഥ്വി ചെയ്ത ഹാർഡ് വർക്ക്, ക്യാമറ വർക്ക്, ഫൈറ്റ് സീൻ… പൃഥ്വി ഇതിനെ മൊത്തം ഡിസൈൻ ചെയ്ത രീതി എല്ലാം അമ്പരപ്പിക്കുന്നതാണ്. ഓരോ സിംഗിൾ സെക്കന്റും കാഴ്ചയുടെ വിരുന്നാണ്. ഇന്ത്യയിൽ ഉണ്ടാക്കിയ ഒരു ചിത്രം പോലെ തോന്നില്ല. ടീസർ കണ്ടു നോക്കൂ, ഓരോ ഫ്രെയിമും ഹോളിവുഡിനെ ഓർമ്മിപ്പിക്കുന്നതാണ്. പണ്ട് ധാരാളം ലോ ബജറ്റ് ചിത്രങ്ങൾ നിർമ്മിച്ച മലയാളം സിനിമ ഇപ്പോൾ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നു. ഇതിനെയാണ് ടൈം എന്നു പറയുന്നത്.”
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിച്ചത്. ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
Read More