പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പലതവണ മതം മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. വാഷിംഗ്ടൺ ഡിസിയിൽ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു 44 കാരനായ ഡാനിഷ്.
‘ഞങ്ങൾ എല്ലാവരും ഇവിടെ ഒത്തുകൂടി, പാകിസ്ഥാനിൽ ഞങ്ങളോട് എങ്ങനെയാണ് പെരുമാറിയിരുന്നുവെന്നതിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഞങ്ങൾ വിവേചനം നേരിട്ടു, ഇന്ന് ഞങ്ങൾ അതിനെതിരെ ശബ്ദമുയർത്തി,’ ഡാനിഷ് കനേരിയ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ‘മതം മാറാൻ എന്നോട് പറഞ്ഞ പ്രധാന വ്യക്തി ഷാഹിദ് അഫ്രീദിയായിരുന്നു. പലപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇൻസമാം-ഉൾ-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല,’ ഡാനിഷ് പറഞ്ഞു.
‘ഞാൻ ധാരാളം വിവേചനങ്ങൾ നേരിട്ടിട്ടുണ്ട്, എന്റെ കരിയർ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാനിൽ എനിക്ക് അർഹമായ ബഹുമാനവും തുല്യ മൂല്യവും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാൻ ഇന്ന് യുഎസിലാണ്. അവബോധം വളർത്തുന്നതിനും നടപടിയെടുക്കാൻ കഴിയുന്ന തരത്തിൽ ഞങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് യുഎസിനെ അറിയിക്കുനുമാണ് ഞങ്ങൾ സംസാരിച്ചത്,” ഡാനിഷ് കൂട്ടിച്ചേർത്തു.
നേരത്തെ ആജ് തകിനു നൽകിയ അഭിമുഖത്തിൽ ഇൻസമാം-ഉൾ-ഹഖ് തന്നെ വളരെയധികം പിന്തുണച്ചിട്ടുണ്ടെന്നും, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റൻ ഇൻസമാം മാത്രമാണെന്നും ഡാനിഷ് കനേരിയ വെളിപ്പെടുത്തിയിരുന്നു. ‘എന്റെ കരിയറിൽ ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു, കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇൻസമാം ഉൾ ഹഖ് എന്നെ വളരെയധികം പിന്തുണച്ചു. അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റു നിരവധി പാകിസ്ഥാൻ കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എനിക്കൊപ്പം ഭക്ഷണം പോലും കഴിച്ചിരുന്നില്ല,’ ഡാനിഷ് കനേരിയ പറഞ്ഞു.
ലെഗ് സ്പിന്നറായിരുന്ന ഡാനിഷ് കനേരിയ പാകിസ്ഥാനു വേണ്ടി 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 3.07 ശരാശരി എക്കണോമി റേറ്റിൽ 261 വിക്കറ്റുകൾ നേടിയിരുന്നു. അതേസമയം, 2012ലെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സ്പോട്ട് ഫിക്സിംഗ് കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ഡാനിഷ് കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.