IPL 2025: ഐപിഎൽ 2025 സീസണിലെ ആദ്യ കളികളിൽ സഞ്ജു സാംസണ് വിക്കറ്റ് കീപ്പറാകാൻ സാധിക്കില്ലെന്നാണ് സൂചന. ഇതോടെ മറ്റുചില പദ്ധതികളാണ് രാജസ്ഥാൻ റോയൽസിന് ഉള്ളത്.
ഹൈലൈറ്റ്:
- സഞ്ജു ഇത്തവണ പുതിയ റോളിൽ
- രാജസ്ഥാൻ റോയൽസിന് മറ്റുചില പദ്ധതികൾ
- ഐപിഎൽ മാർച്ച് 22 ന് തുടങ്ങും

സഞ്ജുവിന്റെ കാര്യത്തിൽ പ്ലാൻ ‘ബി’ യുമായി രാജസ്ഥാൻ റോയൽസ്, കോളടിക്കുക മറ്റൊരു ഇന്ത്യൻ താരത്തിന്; സൂചനകൾ ഇങ്ങനെ
അതേ സമയം സഞ്ജുവിന് വിക്കറ്റ് കീപ്പറാകാൻ സാധിച്ചില്ലെങ്കിലും രാജസ്ഥാൻ റോയൽസിനെ അത് ഒരു തരത്തിലും ബാധിക്കില്ല. ഇതിന് കാരണങ്ങൾ പലതാണ്. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിന് മുൻപ് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറലിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയിരുന്നു. 14 കോടി രൂപക്കായിരുന്നു ഇത്. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാനായില്ലെങ്കിൽ ജൂറലാകും പകരം റോയൽസിന്റെ കീപ്പർ.
നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് ജൂറൽ. സഞ്ജുവില്ലെങ്കിലും കിടിലൻ സ്കില്ലുകളുള്ള മറ്റൊരു കീപ്പറെ ജൂറലിലൂടെ റോയൽസിന് ലഭിക്കും. ഇതിനകം ടി20 യിലും ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞ ജൂറലിനും ഇത് സുവർണാവസരമാകും. ഐപിഎല്ലിൽ വിക്കറ്റ് കീപ്പർ ബാറ്ററായി മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ ഇന്ത്യൻ ടി20 ടീമിലെ സ്ഥാനത്തിനും അവകാശ വാദമുന്നയിക്കാൻ ജൂറലിനാകും.
കിടിലൻ ഫീൽഡറാണ് സഞ്ജു സാംസൺ. ഐപിഎല്ലിലും ഇന്ത്യൻ ടീമിലും താരത്തിന്റെ അക്രോബാറ്റിക് ക്യാച്ചുകളും ഫീൽഡിങ് മികവും ക്രിക്കറ്റ് ലോകം പലതവണ കണ്ടതാണ്. സഞ്ജു കീപ്പിങ് ജോലി വിട്ട് ഫീൽഡിങിലേക്ക് വരുന്നത് രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിൽ കൂടുതൽ ഊർജം കൊണ്ടു വരുമെന്നതും ശ്രദ്ധേയം. ചുരുക്കിപറഞ്ഞാൽ സഞ്ജുവിന് ഈ സീസണിൽ വിക്കറ്റ് കീപ്പറായി കളിക്കാൻ സാധിച്ചില്ലെങ്കിലും രാജസ്ഥാൻ റോയൽസിനെ അത് ഒരു തരത്തിലും ബാധിക്കില്ല.
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ സ്ക്വാഡ് ഇങ്ങനെ: സഞ്ജു സാംസൺ ( ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ ), ശുഭം ദുബെ, വൈഭവ് സൂര്യവംശി, കുനാൽ റാത്തോർ, ഷിംറോൺ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജൂറൽ, റിയാൻ പരാഗ്, നിതീഷ് റാണ, യുധ്വിർ സിങ്, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, ആകാശ് മധ്വാൽ, കുമാർ കാർത്തികേയ, തുഷാർ ദേഷ്പാണ്ടെ, ഫസൽഹഖ് ഫാറൂഖി, ക്വെന മഫാക്ക, അശോക് ശർമ, സന്ദീപ് ശർമ.