2025 സീസൺ ഐപിഎൽ ആരംഭിക്കാൻ ഒരാഴ്ചയിൽ താഴെ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസിന് ഒരു ആവേശ വാർത്ത. ആ രണ്ട് സൂപ്പർ താരങ്ങളും ആദ്യ മത്സരം കളിക്കും.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസിന് ഒരു ഹാപ്പി ന്യൂസ്
- ആ രണ്ട് സൂപ്പർ താരങ്ങളും ആദ്യ കളിക്ക് ഇറങ്ങും
- 23 ന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് ടീമിന്റെ ആദ്യ കളി

രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരങ്ങളായ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും പരിക്കിൽ നിന്ന് പൂർണമായും മുക്തരായെന്നും ഐപിഎല്ലിലെ ആദ്യ കളിയിൽ സെലക്ഷന് ലഭ്യമാണെന്നുമുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ കണങ്കാലിന് പരിക്കേറ്റ ജയ്സ്വാൾ, പരിക്കിൽ നിന്ന് മോചിതനായി ഇതിനകം ടീം ക്യാമ്പിൽ എത്തിയിട്ടുണ്ട്. വിരലിനേറ്റ പരിക്കിൽ ശസ്ത്രക്രിയക്ക് വിധേയനായ സഞ്ജുവിന് ബിസിസിഐയിൽ നിന്ന് അന്തിമ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചെന്നും, തിങ്കളാഴ്ച അദ്ദേഹം രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ ചേരുമെന്നുമാണ് റിപ്പോർട്ട്.
സഞ്ജുവും ജയ്സ്വാളും സീസണിലെ ആദ്യ കളി മുതൽ സെലക്ഷന് ലഭ്യമാകുമെന്ന് ഉറപ്പായതോടെ രാജസ്ഥാൻ റോയൽസിന്റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയ താരങ്ങളാണ് സഞ്ജുവും ജയ്സ്വാളും. വരും സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുന്നതും ഇവരായിരിക്കുമെന്നാണ് സൂചനകൾ.
രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സഞ്ജു സാംസൺ, 2021 മുതൽ അവരുടെ നായകൻ കൂടിയാണ്. ഐപിഎല്ലിൽ മൊത്തം 167 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു, 30.69 ബാറ്റിങ് ശരാശരിയിൽ 4419 റൺസ് നേടിയിട്ടുണ്ട്. 2024 സീസണിൽ ഉജ്ജ്വല ഫോമിലായിരുന്നു സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ എത്തിയ സീസണിൽ 15 കളികളിൽ നിന്ന് 531 റൺസായിരുന്നു അദ്ദേഹം നേടിയത്.
ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരങ്ങളിൽ ഒരാളെന്ന് വിശേഷിക്കപ്പെടുന്ന യശസ്വി ജയ്സ്വാൾ 2020 മുതൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ്. ലീഗിൽ ഇതുവരെ കളിച്ച 52 കളികളിൽ നിന്ന് 32.14 ബാറ്റിങ് ശരാശരിയിൽ 1607 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2024 ൽ 15 കളികളിൽ 435 റൺസാണ് ജയ്സ്വാൾ നേടിയത്.
പതിനെട്ടാം സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ടീം സ്ക്വാഡ് ഇങ്ങനെ: സഞ്ജു സാംസൺ ( ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ ), ശുഭം ദുബെ, വൈഭവ് സൂര്യവംശി, കുനാൽ റാത്തോർ, ഷിംറോൺ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജൂറൽ, റിയാൻ പരാഗ്, നിതീഷ് റാണ, യുധ്വിർ സിങ്, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, ആകാശ് മധ്വാൽ, കുമാർ കാർത്തികേയ, തുഷാർ ദേഷ്പാണ്ടെ, ഫസൽഹഖ് ഫാറൂഖി, ക്വെന മഫാക്ക, അശോക് ശർമ, സന്ദീപ് ശർമ.