DC Vs LSG IPL 2025: ഡൽഹി ക്യാപിറ്റൽസിന് മുൻപിൽ 210 റൺസ് വിജയ ലക്ഷ്യം വെച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. മിച്ചൽ മാർഷിന്റേയും നിക്കോളാസ് പൂരന്റേയും വെടിക്കെട്ട് അർധ ശതകമാണ് ലക്നൗവിനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനേ ഇറങ്ങിയ ലക്നൗ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത 209 റൺസ്. പൂരനും മാർഷിനും ശേഷം വന്ന ബാറ്റർമാർക്കൊന്നും റൺസ് ഉയർത്താൻ സാധിച്ചില്ല. ഇതോടെ 250 എന്ന ടോട്ടലിന് അടുത്തെത്തുന്നതിൽ നിന്ന് ലക്നൗവിനെ തടയാൻ ഡൽഹി ക്യാപിറ്റൽസിന് സാധിച്ചു.
36 പന്തിൽ നിന്ന് 72 റൺസ് ആണ് മിച്ചൽ മാർഷ് അടിച്ചെടുത്തത്. ആറ് ഫോറും ആറ് സിക്സും ഉൾപ്പെട്ടതായിരുന്നു മിച്ചൽ മാർഷിന്റെ ഇന്നിങ്സ്. നിക്കോളാസ് പൂരൻ 30 പന്തിൽ നിന്ന് 75 റൺസും നേടി. ആറ് ഫോറും ഏഴ് സിക്സുമാണ് വെസ്റ്റ് ഇൻഡീസ് ബാറ്ററിൽ നിന്ന് വന്നത്. 161-2 എന്ന ശക്തമായ നിലയിൽ നിന്ന് ലക്നൗവിനെ പിടിച്ചുകെട്ടാൻ ഡൽഹിക്ക് സാധിച്ചു. 194-8ലേക്ക് അവർ വീഴുകയായിരുന്നു.
ഫിനിഷിങ്ങിൽ മികവ് കാണിക്കാൻ സാധിച്ചിരുന്നെങ്കിൽ സ്കോർ ഉയർത്താൻ ലക്നൗവിന് സാധിക്കുമായിരുന്നു. 17 റൺസിൽ നിൽക്കെ നിക്കോളാസ് പൂരനെ പുറത്താക്കാനുള്ള ക്യാച്ച് സമീർ റിസ്വി നഷ്ടപ്പെടുത്തിയത് ഡൽഹിക്ക് വലിയ തിരിച്ചടിയായി. പവർപ്ലേയിൽ 64 റൺസ് ആണ് ലക്നൗ അടിച്ചെടുത്തത്.
മർക്രം 13 പന്തിൽ നിന്ന് 15 റൺസും ഡേവിഡ് മില്ലർ 19 പന്തിൽ നിന്ന് 27 റൺസും നേടി. മിച്ചൽ സ്റ്റാർക്ക് ഡൽഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് പിഴുതു. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.