ഐപിഎല്‍ പൂരത്തിന് നിക്കോളാസ് പൂരന്റെ വെടിക്കെട്ട്; ലക്‌നൗവിന് ആദ്യ ജയം, ഉയരാതെ സണ്‍റൈസേഴ്‌സ്

Spread the love

IPL 2025 SRH vs LSG: നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങില്‍ സണ്‍റൈസേഴ്‌സിനെ കീഴടക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 26 പന്തില്‍ 70 റണ്‍സുമായി പൂരന്‍ നിറഞ്ഞാടി. 18 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ അദ്ദേഹം സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിക്ക് ഉടമയായി.

ഹൈലൈറ്റ്:

  • 26 പന്തില്‍ 70 റണ്‍സുമായി പൂരന്‍
  • ലക്‌നൗവിന് അഞ്ച് വിക്കറ്റ് ജയം
  • ഷാര്‍ദുല്‍ താക്കൂറിന് നാല് വിക്കറ്റ്
Samayam Malayalam

ഐപിഎല്‍ 2025 സീസണിലെ ആദ്യ റൗണ്ടില്‍ ഗംഭീര വിജയം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ടാം അങ്കത്തില്‍ കാലിടറി. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്. 26 പന്തില്‍ 70 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പൂരനാണ് വിജയശില്‍പി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഒമ്പതിന് 190 റണ്‍സാണ് നേടിയത്. ലക്‌നൗ 16.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. ആദ്യ മാച്ചില്‍ നന്നായി കളിച്ചിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഒരു വിക്കറ്റിന് തോറ്റ ലക്‌നൗവിന് ആശ്വാസം പകരുന്നതാണ് ഈ വിജയം. സണ്‍റൈസേഴ്‌സ് ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ലക്‌നൗവിന് വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ നിക്കോളാസ് പൂരന്‍ തകര്‍ത്തുവാരി. 18 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചാണ് മുന്നോട്ടുകുതിച്ചത്. ഐപിഎല്‍ 2025ലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. ലക്‌നൗവിന് വേണ്ടി ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണിത്. 2023ല്‍ ബെംഗളൂരുവില്‍ പൂരന്‍ ആര്‍സിബിക്കെതിരെ 15 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ഐപിഎല്ലില്‍ 20 പന്തില്‍ താഴെ മാത്രമെടുത്ത് ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡും പൂരന് സ്വന്തമായി. നാലാം ഫിഫ്റ്റിയാണിത്. ട്രാവിസ് ഹെഡും ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കും മൂന്ന് വീതം അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

നേരിട്ട 26ാം പന്തില്‍ എല്‍ബിഡബ്ലു ആയാണ് പൂരന്റെ മടക്കം. ഇതിനകം ആറ് സിക്‌സറുകളും അത്രയും ബൗണ്ടറികളും അദ്ദേഹം പായിച്ചിരുന്നു.

ഓപണര്‍ മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ 52 റണ്‍സെടുത്ത് പൂരന് നല്ല കൂട്ടൊരുക്കി. മാര്‍ഷ് 11ാം ഓവറില്‍ പുറത്താവുമ്പോള്‍ ലക്‌നൗ മൂന്നിന് 138 എന്ന നിലയില്‍ വിജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു. അബ്ദുല്‍ സമദ് (22*), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (15), ഡേവിഡ് മില്ലെര്‍ (13*) എന്നിവര്‍ ചേര്‍ന്ന് കളി പൂര്‍ത്തിയാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സിന് കഴിഞ്ഞ മാച്ചിലെ സെഞ്ചുറി വീരന്‍ ഇഷാന്‍ കിഷനെ പൂജ്യത്തിന് നഷ്ടമായത് വലിയ ആഘാതമായി. അതിന് മുമ്പായി ഓപണര്‍ അഭിഷേക് ശര്‍മ ആറ് റണ്‍സിന് പുറത്തായിരുന്നു. അപകടകാരിയായ ട്രാവിസ് ഹെഡ് 28 പന്തില്‍ 47 റണ്‍സ് നേടി. പ്രിന്‍സ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

അനികേത് വര്‍മ (13 പന്തില്‍ 36) ആണ് എസ്ആര്‍എച്ചിന്റെ രണ്ടാം ടോപ് സ്‌കോറര്‍. അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് അനികേത് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. നിതീഷ് റെഡ്ഡി (28 പന്തില്‍ 32), ഹെന്‌റിച്ച് ക്ലാസ്സെന്‍ (17 പന്തില്‍ 26) എന്നിവരും സംഭാവനകള്‍ നല്‍കി.

നാല് പന്ത് മാത്രം നേരിട്ട് 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിസ്മയം തീര്‍ത്തു. നാല് പന്തില്‍ മൂന്നും കമ്മിന്‍സ് സിക്‌സറിന് തൂക്കി.

മികച്ച ബൗളിങിലൂടെ മുന്‍നിര ബാറ്റര്‍മാരെ ഒതുക്കി സ്‌കോര്‍ 200 കടത്താതെ നോക്കിയ ബൗളര്‍മാരാണ് ലക്‌നൗവിന്റെ മേധാവിത്തം ഉറപ്പിച്ചത്. ഷാര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ 34 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!