Rishabh Pant IPL 2025 LSG: ഐപിഎൽ മത്സരം വിലയിരുത്തുന്നതിന് ഇടയിലുള്ള യുട്യൂബ് ലൈവ് സെഷന് ഇടയിൽ ഋഷഭ് പന്തിന്റെ മോശം ബാറ്റിങ്ങിൽ പ്രകോപിതനായി ടിവി എറിഞ്ഞ് ഉടച്ച് അവതാരകൻ. ഹൈദരാബാദിന് എതിരായ മത്സരത്തിൽ ഋഷഭ് പന്ത് സ്കോർ ഉയർത്താതെ മടങ്ങിയത് ആണ് യുട്യൂബ് ലൈവ് സെഷനിൽ അവതാരകനെ പ്രകോപിപ്പിച്ചത്. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ ഋഷഭ് പന്ത് ആറ് പന്തിൽ ഡക്കായിരുന്നു. പിന്നാലെ ഹൈദരാബാദിന് എതിരെ 15 റൺസ് മാത്രം എടുത്ത് ആണ് മടങ്ങിയത്.
ലക്നൗ ക്യാപ്റ്റന്റെ മോശം പ്രകടനത്തിൽ പങ്കജ് എന്ന അവതാരകന് ആണ് സ്റ്റുഡിയോയിലെ ടിവി നശിപ്പിച്ചത്. മുതിർന്ന സ്പോർട്സ് മാധ്യമപ്രവർത്തകനായ വിക്രാന്ത് ഗുപ്തയും പങ്കെടുത്ത ലൈവ് സെഷന് ഇടയിലാണ് സംഭവം.
“ഐപിഎൽ മുൻപോട്ട് പോവുകയാണ്. ഋഷഭ് പന്തിന് നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഋഷഭ് പന്ത് എങ്ങനെ ബാറ്റ് ചെയ്യും എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കുന്ന അവസ്ഥയിൽ എത്തി. നമുക്ക് ഋഷഭ് പന്തിനെ ഇനി വിശ്വസിക്കാനാവില്ല. എന്ത് ക്യാപ്റ്റൻ ആണ് പന്ത്? ഇതുപോലൊരു ക്യാപ്റ്റനെ നമുക്ക് ആവശ്യമില്ല,” ഇങ്ങനെ പറഞ്ഞുകൊണ്ട് ആണ് അവതാരകൻ ടിവി നശിപ്പിച്ചത്.
This man angery at Rishab pant and broke the TV at sports tak 😭😭😭 waa bhai pic.twitter.com/o0EVuDgSvO
— Yash (@Staid_99) March 27, 2025
അവതാരകന്റെ ഈ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹൈദരാബാദിന് എതിരെ ഋഷഭ് പന്തിന്റെ വിക്കറ്റ് വേഗത്തിൽ നഷ്ടമായത് ടീമിനെ പ്രതികൂലമായി ബാധിച്ചില്ല. നിക്കോളാസ് പൂരന്റേയും മിച്ചൽ മാർഷിന്റേയും വെടിക്കെട്ട് ബാറ്റിങ് ലക്നൗവിനെ തകർപ്പൻ ചെയ്സിങ് ജയത്തിലേക്ക് എത്തിച്ചു. അബ്ദുൽ സമദ് ഏതാനും ബൗണ്ടറികളോടെ ലക്നൗവിന്റെ ജയം വേഗത്തിലാക്കുകയും ചെയ്തു.