PBKS vs LSG IPL 2025: പഞ്ചാബ് കിങ്സിന് മുൻപിൽ 172 റൺസ് വിജയ ലക്ഷ്യം വെച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. പഞ്ചാബ് കിങ്സിന് എതിരെ പൊരുതി നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 171 എന്ന സ്കോറിലെത്തി. കൃത്യമായ ഇടവേളകളിൽ എല്ലാം വിക്കറ്റ് പിഴുത് പഞ്ചാബ് കിങ്സ് ലക്നൗവിനെ പ്രഹരിച്ചുകൊണ്ടിരുന്നതോടെ ഭേദപ്പെട്ട സ്കോർ പന്തിന്റെ ടീമിനെ കണ്ടെത്താനാവുമോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ 171ലേക്ക് സ്കോറിലേക്ക് എത്താൻ അവർക്കായി. 44 റൺസ് എടുത്ത നിക്കോളാസ് പൂരനാണ് ലക്നൗവിന്റെ ടോപ് സ്കോറർ.
ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ലക്നൗവിന് ഓപ്പണർ മിച്ചൽ മാർഷിനെ നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ തന്നെ മാർഷ് ഡക്കായി മടങ്ങി. അർഷ്ദീപ് സിങ് ആണ് മാർഷിന്റെ ഭീഷണി ഒഴിവാക്കിയത്. ലക്നൗ സ്കോർ 32ൽ നിൽക്കെ രണ്ടാമത്തെ ഓപ്പണറും മടങ്ങി. മർക്രമിനെ ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 18 പന്തിൽ നിന്നാണ് മർക്രം 28 റൺസ് എടുത്തത്.
തൊട്ടടുത്ത ഓവറിൽ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഇതോടെ 35-3 എന്ന നിലയിലേക്ക് ലക്നൗ വീണു. അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്താണ് ഋഷഭ് പന്ത് മടങ്ങിയത്. ഗ്ലെൻ മാക്സ്വെല്ലിനെ കൊണ്ടുവന്ന ബോളിങ് ചെയിഞ്ച് ആണ് പന്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് തുടക്കത്തിലെ നഷ്ടമായതോടെ കരുതലോടെയാണ് നിക്കോളാസ് പൂരൻ ബാറ്റിങ് തുടങ്ങിയത്. എന്നാൽ സ്കോറിങ്ങിന്റെ വേഗം കൂട്ടാൻ ശ്രമിച്ചതോടെ പുറത്തായി.
33 പന്തിൽ നിന്ന് 41 റൺസ് എടുത്ത ആയുഷ് ബദോനി ലക്നൗവിന്റെ സ്കോർ ഉയർത്താൻ സഹായിച്ചു. കൂടുതൽ അപകടം ഉണ്ടാക്കുന്നതിന് മുൻപ് അർഷ്ദീപ് ബദോനിയെ മടക്കി. 19 റൺസ് ആണ് ഡേവിഡ് മില്ലർ എടുത്തത്. അവസാന ഓവറുകളിൽ അബ്ദുൽ സമദ് 12 പന്തിൽ നിന്ന് 27 റൺസ് കണ്ടെത്തി മടങ്ങി.
പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് പിഴുതു. ലോക്കി ഫെർഗൂസൻ, മാക്സ്വെൽ, ജാൻസെൻ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അവസാന രണ്ട് ഓവറിൽ ലക്നൗവിന് 15 റൺസ് മാത്രമാണ് കണ്ടെത്താനായത്.