Bihar Lightning Death: പട്റ്റാ: ബീഹാറിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 25-ആയി. നളന്ദ ജില്ലയിലാണ് ഇടിമിന്നലിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ടത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 18-പേരാണ് ഇവിടെ ഇടിമിന്നലേറ്റ് മരിച്ചത്. സിവാൻ ജില്ലയിൽ രണ്ടുപേരും കതിഹാർ, പൂർണിയ, കിഷൻഗഞ്ച്, ഭഗൽപൂർ, നവാഡ തുടങി ജില്ലകളിൽ ഒരാൾ വീതവുമാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗീകമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, മരണസംഖ്യ 50 കടന്നെന്ന് പ്രതിപക്ഷ നേതാവ് തേജസി യാദവ് പറയുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അൻപത് കടന്നെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
കഴിഞ്ഞ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടിമിന്നൽ ദുരന്തമാണ് സംസ്ഥാനത്തുണ്ടാകുന്നത്. 2020 ജൂണിലുണ്ടായ ദുരന്തത്തിൽ 90 പേർക്കാണ് ബീഹാറിൽ ജീവൻ നഷ്ടമായത്.
കാലാവസ്ഥമാറ്റം മൂലമുണ്ടാകുന്ന ഉയർന്ന താപനിലയാണ് ശക്തമായ ഇടിമിന്നലിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലെ വരണ്ട കാറ്റുകളും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റുകളും ചേർന്ന് ഇടിമിന്നലിന് അനുകൂല സാഹചര്യങ്ങൾ സ്രഷ്ടിക്കുന്നു. ബീഹാറിലെ സമതലപ്രദേശങ്ങൾ ഇതിന് കൂടുതൽ അനുയോജ്യമായ സ്ഥലങ്ങളാണെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.