തിരുവനന്തപുരം: കോർപറേഷനിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗൺസിലർമാരെ രാത്രി വൈകി അറസ്റ്റ് ചെയ്ത് നീക്കി. കൗൺസിൽ ഹാളിൽ സമരം നടത്തുകയായിരുന്ന കൗൺസിലർമാരെയാണ് അറസ്റ്റ് ചെയ്തത്. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നടത്തിവന്ന 24 മണിക്കൂർ ഉപവാസ സമരത്തിനിടെയായിരുന്നു നടപടി. ഡി ആർ അനിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ആണ് ബിജെപിയുടെ നീക്കം. പൊലീസിൽ പരാതി നൽകാനും ബിജെപി ആലോചിക്കുന്നുണ്ട്.
ഇന്നലെ കൗൺസിൽ യോഗത്തിനിടെ പ്രതിഷേധിച്ച കോര്‍പറേഷനിലെ 9 ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തിരുന്നു. രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി- സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടിയിരുന്നു. മേയർ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. തുടർന്ന് 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ ഉപവാസം നടത്താൻ ബിജെപി തീരുമാനിക്കുകയായിരുന്നു.
അഴിമതിക്കാരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. വളരെ സമാധാനപരമായാണ് സമരം നടത്തിയത്. എന്നാൽ പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറുകയാണ്. വളരെ സൗമ്യരായി നിന്നുകൊണ്ട് സ്ത്രീകളടക്കമുള്ളവരെ മുട്ടുകൊണ്ട് വയറ്റിൽ ഇടിക്കുന്നു. ഇത്തരം ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെയാണ് രാത്രിയിൽ ഇറക്കുന്നതെന്നും രാജേഷ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.