കൊച്ചി> രോഗി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവിന് നൽകിയ പരാതിയിൽ ചികിത്സിച്ച ഡോക്ടറുടെ പേര് ഒഴിവാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി എറണാകുളം മെഡിക്കൽ കോളേജ്. 2022 ഏപ്രിൽലാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആലുവ സ്വദേശിയായ പി സുശീലാ ദേവി മരിച്ചത്.
ചികിത്സാ പിഴവ് ആരോപിച്ച് സുശീലാ ദേവിയുടെ ബന്ധു നൽകിയ പരാതിയിൽ നടന്ന അന്വേഷണങ്ങളിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ് എല്ലാ രീതിയിലും സഹകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. ഗണേശ് മോഹൻ പറഞ്ഞു. രോഗിയെ ചികിത്സിച്ച വിദഗ്ധ ഡോക്ടർമാരുടെ പട്ടികയിൽ അന്ന് ഹൗസ് സർജൻസി ചെയ്തിരുന്ന ഡോക്ടറുടെ പേര് ബോധപൂർവ്വം ഉൾപ്പെടുത്തിയില്ല എന്ന ആരോപണംത്തിൽ കഴമ്പില്ല.
ഹൗസ് സർജൻസി കാലഘട്ടം മേൽനോട്ടത്തോടുകൂടിയുള്ള പരിശീലന കാലഘട്ടമാണ്. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർമാർക്ക് താൽക്കാലിക രജിസ്ട്രേഷൻ മാത്രമാണുള്ളത്. രോഗിയെ ചികിത്സിച്ചത് വിദഗ്ധ ഡോക്ടർമാർ ആയിരിക്കെ ചികിത്സിച്ച ഡോക്ടർമാരുടെ പട്ടിക നൽകുമ്പോൾ ചികിത്സാ തീരുമാനങ്ങളിൽ നേരിട്ട് പങ്കില്ലാത്ത ഹൗസ് സർജൻസി ചെയ്യുന്നവരെ ഉൾപ്പെടുത്താനാവില്ല.
സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ രോഗിയുടെ ആമാശയത്തിലേക്ക് ഭക്ഷണം നൽകാനായി ഇട്ട ട്യൂബ് ശ്വാസകോശത്തിലേക്ക് മാറി കിടക്കുന്നതായി കണ്ടെത്തിയിരുന്നു.ട്യൂബ് ശ്വാസകോശത്തിലേക്ക് മാറിപ്പോയ സംഭവം സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ നിന്നും സംഭവിച്ചതാണ്. എന്നാൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നതെന്നും സൂപ്രണ്ട് കൂട്ടിചേർത്തു.
സൂപ്പർ സ്പെഷ്യാലിറ്റികളുൾപ്പടെ എല്ലാ വിഭാഗങ്ങളിലും നിരവധി വിദഗ്ധ ഡോക്ടർമാരാണ് ഇവിടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. അത്യാസന്ന നിലയിൽ എത്തിക്കുന്ന എല്ലാ രോഗികൾക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്ന ഒരു സ്ഥാപനമാണിത്. ആശുപത്രിക്കെതിരായ ബോധപൂർവ്വമുള്ള വ്യാജവാർത്ത അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവും ആണെന്നും ഡോ. എം. ഗണേശ് മോഹൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ