തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളായ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫലിയും തുടങ്ങി മിയ ഖലീഫയ്ക്ക് വരെ മുസ്ലീം ലീഗിൽ അംഗത്വം ലഭിച്ചതിന്‍റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. മുസ്ലീം ലീഗിന്‍റെ അംഗത്വവിതരണ ക്യാംപയ്ൻ ഇക്കഴിഞ്ഞ ഡിസംബർ 31നാണ് അവസാനിച്ചത്. അതിനിടെയാണ് തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്ലീം നാമധാരികളായ പ്രമുഖ സിനിമാതാരങ്ങൾക്ക് മുസ്‍ലിം ലീഗ് അംഗത്വം ലഭിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ലീഗ് സംസ്ഥാന നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീടികളിൽ കയറി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം പ്രവർത്തകർക്ക് നൽകിയിരുന്ന നിർദേശം. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെട്ടിയത്.
പാർട്ടി ശക്തമല്ലാത്ത സ്ഥലങ്ങളിൽ അംഗത്വവിതരണം തട്ടിക്കൂട്ടിയാണ് നടത്തിയതെന്ന ആരോപണം ശരിവെക്കുന്നതാണ് പുതിയ സംഭവം. പാർട്ടി ദുർബലമായ ചില സ്ഥലങ്ങളിലെങ്കിലും അംഗത്വ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കംപ്യൂട്ടർ സെന്‍ററുകളെ ഏൽപ്പിച്ചതായാണ് ഉയരുന്ന ആരോപണം. അങ്ങനെ എന്തെങ്കിലുമാണോ സംഭവിച്ചതെന്നും നേതൃത്വം പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം ഉൾപ്പടെ തെക്കൻ ജില്ലകളിൽ അംഗത്വവിതരണത്തിൽ ക്രമക്കേട് നടന്നതായാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
അംഗത്വവിതരണം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 ആണ് പാർട്ടി അംഗങ്ങളാണ് ലീഗിനുള്ളത്. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു കണക്ക്. 2016നെക്കാൾ 2.33 ലക്ഷം അംഗങ്ങളുടെ വർധന ഉണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള പാർട്ടി അംഗങ്ങളിൽ പകുതിയിലേറെ സ്ത്രീകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.