എൻപിഎസ് നിക്ഷേപം
18 വയസ് മുതൽ 70 വയസ് പ്രായമുള്ളവർക്കാണ് നാഷണൽ പെൻഷൻ സ്കീമിൽ ചേരാൻ സാധിക്കുക. പൊതുമേഖലാ ബാങ്കകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള പോയിന്റ് ഓഫ് പ്രസൻസ് സേവന കേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ അക്കൗണ്ടെടുക്കേണ്ടത്. അക്കൗണ്ടെടുത്താൽ എൻപിഎസിൽ വർഷത്തിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം.
നിക്ഷേപിക്കാനുള്ള തുകയ്ക്ക് പരിധിയില്ല. ടെയർ-1, ടെയർ-2 എന്നിങ്ങനെ 2 അക്കൗണ്ട് നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ആരംഭിക്കാനാകും. വിരമിക്കൽ കാല നിക്ഷേപം നടത്തുന്നൊരാൾക്ക് ടെയർ1 അക്കൗണ്ടാണ് ആവശ്യം. ടെയർ1 അക്കൗണ്ടിലെ പണം 60 വയസ് പൂർത്തിയാകുമ്പോഴാണ് പിൻവലിക്കാൻ സാധിക്കുക.

നികുതി ഇളവുകൾ
എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം. ഇതിനാൽ തന്നെ എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല. ഓഹരിയിലും കടപത്രങ്ങളിലുമുള്ള നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക. നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന 60 ശതമാനം വിഹിതത്തിനും നികുതി ഇളവുണ്ട്. പെൻഷൻ നികുതി ബാധകമാണ്.
Also Read:ഭവന വായ്പയുണ്ടോ? പലിശയിൽ 17 ലക്ഷം ലാഭിക്കാന്‍ ഇതാ ഒരു ഉഗ്രന്‍ വഴി; വിട്ടുകളയരുത്

പെൻഷൻ എങ്ങനെ
എന്‍പിഎസിൽ 60-ാം വയസിലാണ് പെൻഷൻ ലഭിക്കുന്നത്. എന്നാൽ കാലാവധിയിൽ എൻപിഎസ് അക്കൗണ്ടിലുള്ള പണം മുഴുവനും പെൻഷനായി മാറ്റില്ല. 60 ശതമാനം തുക നികുതി നൽകാതെ പിൻവലിക്കാൻ സാധിക്കും. 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കുന്നത്. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.

50,000 രൂപ പെൻഷൻ നേടാൻ
മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 40 ശതമാനം തുക ആന്യുറ്റിയില്‍ നിക്ഷേപിക്കണമെന്നത് എന്‍പിഎസില്‍ നിര്‍ബന്ധമാണ്. 6 ശതാനം ആന്യുറ്റി നിരക്ക് പ്രതീക്ഷിച്ചാല്‍ 50,000 രൂപ മാസ പെൻഷൻ ലഭിക്കാൻ 2.5 കോടി രൂപ എന്‍പിഎസ് നിക്ഷേപം ആവശ്യമാണ്. ഇതില്‍ 40 ശതമാനം, 1 കോടി രൂപ ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 6 ശതമാനം നിരക്കില്‍ മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ വാങ്ങിക്കാം.

ബാക്കി 1.5 കോടി രൂപ ഒറ്റത്തവണ പിന്‍വലിക്കാം. ഈ തുകയ്ക്ക് നികുതി ബാധകമല്ല. 25 വർഷത്തിൽ നിക്ഷേപം ആരംഭിക്കുന്നൊരാളാണെങ്കിൽ 7,000- 9,000 രൂപ വരെ മാസത്തിൽ നിക്ഷേപിക്കേണ്ടതുണ്ട്. 35 വയസിൽ നിക്ഷേപം തുടങ്ങുന്നൊരാൾക്ക് 19,000 രൂപയ്ക്കും 23,000 രൂപയ്ക്കും ഇടയിലുള്ള തുക നിക്ഷേപിക്കണം.