പാലക്കാട് ധോണിയില്‍ ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിയിരുന്ന കൊമ്പന് പിടി സെവനെ അടുത്തിടെ വനംവകുപ്പ് മയക്കുവെടിവെച്ചിരുന്നു. ധോണി ഫോറസ്റ്റ് സ്റ്റേഷനില്‍ ഒരുക്കിയ പ്രത്യേക കൂട്ടില്‍ കഴിയുന്ന കൊമ്പന്റെ ശരീരത്തില്‍ നിന്ന് പതിനഞ്ചോളം പെല്ലറ്റുകളാണ് ഉദ്യോഗസ്ഥര്‍ ഇന്നലെ കണ്ടെത്തിയത്. കൊമ്പനെ തുരത്താന്‍ നാടന്‍ തോക്കുകളില്‍ നിന്ന് വെടിവെച്ചപ്പോള്‍ ശരീരത്തില്‍ തറച്ച പെല്ലറ്റുകളാകാം എന്നാണ് നിഗമനം.
പരിക്കേറ്റ കൊമ്പന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാന്‍ തയാറാണെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ആന ഉടമ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം അതിനെ സമീപിക്കാന്‍. പെല്ലറ്റുകൊണ്ടോ നാടന്‍ ബോംബിലെ ചീളുകള്‍കൊണ്ടോ ആവാം ആനയ്ക്ക് പരിക്കേറ്റത്. കടുത്ത വേദന അനുഭവപ്പെടുന്നത് കൊണ്ടാകാം കാട്ടാന ആക്രമണസ്വഭാവം കാണിച്ചത്. പി.ടി. സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വലക്ഷണവും ഒത്ത ആനയായിരിക്കും പി.ടി. സെവന്. അത് സാവധാനം വഴങ്ങും. തന്റെ അറിവ് വെച്ച് അതിന് 18- 20 വയസുണ്ടാവും. ഏറ്റവും വിദഗ്ധരായ ഡോക്ടറുടെ അടുത്ത് പരിശോധിച്ച് വേണ്ട ചികിത്സ ലഭ്യമാക്കണം. അതിനായി തന്നെക്കൊണ്ട് സാധിക്കുന്ന എന്ത് സഹായവും ചെയ്യും. ഡോക്ടര്‍മാരെ കൊണ്ടുവരാനും ഉപദേശം കൊടുക്കാനും തയ്യാറാണെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.