പാലക്കാട്
ആനക്കൂട്ടിൽ തളച്ച കൊമ്പൻ ധോണിയുടെ ശരീരത്തിൽ പെല്ലറ്റുകൾ കണ്ടെത്തി. തൊലിപ്പുറത്താണ് പെല്ലറ്റുകൾ എന്നതിനാൽ ആനയുടെ ആരോഗ്യത്തിന് പ്രശ്നമില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം ആനയെ പരിശോധിക്കുന്നതിനിടെ വെറ്ററിനറി ഓഫീസറാണ് പെല്ലറ്റുകൾ കണ്ടത്. ആന തമിഴ്നാട് അതിർത്തിയിൽ ഉൾപ്പെടെ യാത്ര ചെയ്യുന്നതിനാൽ എവിടെനിന്നാണ് വെടിയേറ്റതെന്ന് കണ്ടെത്തുക പ്രയാസമാണെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രൺജിത് പറഞ്ഞു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂട്ടിലായിട്ടും ധോണിയുടെ ശൗര്യത്തിന് ഒട്ടും കുറവില്ല. കഴിഞ്ഞദിവസം കൂട് പൊളിക്കാൻ ശ്രമിച്ചു. പാപ്പാന്മാരായ മണികണ്ഠനും മാധവനുമായി ഇണങ്ങാൻ ദിവസങ്ങളെടുക്കും. വെട്ടുപുല്ലും ചപ്പും വെള്ളവും തന്നെയാണ് ഇപ്പോഴത്തെ ഭക്ഷണം. കൂട്ടിനകം ഇടയ്ക്കിടെ വൃത്തിയാക്കുന്നുണ്ട്. ഇടവിട്ട സമയങ്ങളിൽ ആനയെ വെള്ളം നനയ്ക്കുന്നുണ്ട്. പിടികൂടുന്ന സമയത്തുണ്ടായ മുറിവുകൾ ഉൾപ്പെടെ ഉണങ്ങാൻ ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ നൽകുന്നുണ്ട്. മദപ്പാട് മാറാതെ ഇണക്കുക വെല്ലുവിളിയാണ്. ധോണിയെ കാണാൻ വനം വകുപ്പിന്റെ ബേസ് ക്യാമ്പിൽ നിരവധി ആളുകളാണ് എത്തുന്നത്. ആനയുടെ ആരോഗ്യം കണക്കിലെടുത്ത് പ്രവേശനം നിർത്തി. 22നാണ് ധോണിയെ വിറപ്പിച്ച കൊമ്പൻ പി ടി–-എഴെന്ന ‘ധോണി’യെ പിടികൂടിയത്.
അരിമണി, കോർമ മേഖലയിൽ ഇപ്പോഴും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. മുണ്ടൂർ പുളിയംപുള്ളിയിലും ഒറ്റയാന്റെ ശല്യമുണ്ട്. ദ്രുതപ്രതികരണസേന രാത്രികളിൽ ആനയിറങ്ങുന്ന എല്ലാ പോയിന്റുകളിലും കാവൽ ശക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ