കോഴിക്കോട്
ആർഎസ്‌എസുമായി ചർച്ചനടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ജമാഅത്തെ ഇസ്ലാമി മുഖവാരിക. കഴിഞ്ഞ നവംബർ നാലിന്റെ ‘പ്രബോധന’ത്തിലാണ് ആർഎസ്‌എസുമായി മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ ഖുറൈഷിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തിയതിനെ നിശിതമായി വിമർശിക്കുന്നത്. ‘ആർഎസ്‌എസ് ആചാര്യനും അർഥശൂന്യമായ ചർച്ചകളും’ എന്ന തലക്കെട്ടിലാണ് ലേഖനം. രണ്ടുമാസം കഴിഞ്ഞ് അതേ ഖുറൈഷിയുടെ മധ്യസ്ഥതയിലാണ് ജമാഅത്തെ ഇസ്ലാമി ആർഎസ്‌എസുമായി ചർച്ചനടത്തിയത്.
ഫാസിസവുമായി നടത്തുന്ന നിരന്തര യുദ്ധത്തിന്റെ ഭാഗമായാണ് ചർച്ചയെന്നാണ് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ, മാസങ്ങൾക്കുമുമ്പ് മോഹൻ ഭാഗവതുമായി ചർച്ചനടത്തിയതിന്റെ പേരിൽ ഖുറൈഷിയെ കടന്നാക്രമിക്കുകയാണ് ജമാഅത്തെ ലേഖകൻ. ഖുറൈഷിയുമായുള്ള ചർച്ചക്കുശേഷമായിരുന്നു വിജയദശമി ദിനത്തിൽ മോഹൻ ഭാഗവതിന്റെ വിദ്വേഷ പ്രസംഗം. ഇത് ചൂണ്ടിക്കാട്ടി ഖുറൈഷിയെയും ആർഎസ്‌എസിനെയും ലേഖനത്തിൽ കടന്നാക്രമിക്കുന്നു. അൽപ്പവും വിശ്വാസയോഗ്യമല്ലാത്ത ഒരു സംവിധാനത്തോടാണ് മുസ്ലിങ്ങൾ ചർച്ചക്ക് പോകുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
ഖുറൈഷിയോട് ആർഎസ്‌എസ് ഉന്നയിച്ച ആവശ്യങ്ങൾ ബുദ്ധിശൂന്യമാണെന്ന് ലേഖനം വാദിക്കുന്നു. മുസ്ലിങ്ങൾ ഹിന്ദുക്കളെ കാഫിറുകൾ എന്നു വിളിക്കരുത്, മുസ്ലിങ്ങൾ ബീഫ് ഭക്ഷിക്കുന്നത് സ്വമേധയാ ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ആർഎസ്‌എസ് അന്ന് മുന്നോട്ടുവച്ചത്. ഇതേ ആവശ്യങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുമായി നടത്തിയ ചർച്ചയിലും മുന്നോട്ടുവച്ചത്. അന്ന് ബാലിശമായ വാദം ഇന്ന് ആശയ സംവാദമാകുന്നതിന്റെ കാരണം വിശദീകരിക്കാൻ ജമാഅത്തെ ഇസ്ലാമിക്ക് സാധിച്ചിട്ടില്ല.
ആർഎസ്എസിനോട് സംസാരിക്കാൻ പോകുന്നതിലെ ബുദ്ധിശൂന്യതയെ അടിവരയിടുന്നതു മാത്രമാണ് ആ സംഘടനയുടെയും അതിന്റെ അധ്യക്ഷന്റെയും വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമെന്ന നിരീക്ഷണത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. അതേ സംഘടനയുമായി എന്തിനാണ് രഹസ്യചർച്ചയെന്ന ചോദ്യം ഇപ്പോൾ പ്രസക്തമാണ്.
വലിയ വിഷയമല്ലെന്ന് ലീഗ്
ആർഎസ്‌എസുമായി ജമാഅത്തെ ഇസ്ലാമി രഹസ്യചർച്ച നടത്തിയതിനെക്കുറിച്ച് മൗനം പാലിച്ച് മുസ്ലിംലീഗ്. സംസ്ഥാന പ്രവർത്തക സമിതിക്കുശേഷം വിളിച്ച വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം ഒഴിഞ്ഞുമാറി. പ്രവർത്തക സമിതി ഇക്കാര്യം ചർച്ചചെയ്‌തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ലീഗ് ഏറ്റെടുക്കേണ്ട വിഷയമല്ല. നേതാക്കൾ അവരുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിന് അത്ര പ്രാധാന്യമേ ഉള്ളൂ. വെൽഫെയർ പാർടിയുമായി ഒരു സഖ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ച വിവാദമാക്കിയത് സിപിഐ എം തിരക്കഥയാണെന്ന ജമാഅത്തെ വാദം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. ചർച്ചയെ വിമർശിക്കാൻ സിപിഐ എമ്മിന് അവകാശമില്ലെന്നും പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നുമായിരുന്നു സലാമിന്റെ മറുപടി. ചർച്ച നടത്തിയ ജമാഅത്തെ നിലപാടിനെതിരെ സമസ്‌ത ഉൾപ്പെടെ പ്രമുഖ മുസ്ലിം മതസംഘടനകളെല്ലാം രംഗത്തുവന്നിട്ടും ലീഗ് മൗനം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ