K.K. Rema: പരിക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ ആരോഗ്യ വകുപ്പ് മറുപടി പറയണം; എം.വി ഗോവിന്ദനോട് കെ.കെ രമ

Spread the love


നിയമസഭയിലുണ്ടായ സംഘർഷത്തിൽ കയ്യിൽ പൊട്ടലുണ്ടെന്ന് കളവ് പറയുന്നത് ശരിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വടകര എംഎൽഎ കെ.കെ രമ. പൊട്ടലില്ലാത്ത കയ്യിൽ പ്ലാസ്റ്ററിട്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് രമ പറഞ്ഞു. പരിക്കില്ലാതെയാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും എം.വി ഗോവിന്ദന് കെ.കെ രമ മറുപടി നൽകി. 

സംഘർഷത്തിനിടെ പരിക്കേറ്റ തൻ്റെ കയ്യിൽ പ്ലാസ്റ്ററിടാൻ നിർദ്ദേശിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന് കെ.കെ രമ പറഞ്ഞു. കൈക്ക് പരിക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കും. തൻ്റെ എക്സ്റേ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെങ്കിൽ ആശുപത്രി അധികൃതർക്കെതിരെയും നടപടി സ്വീകരിക്കും. സ്വകാര്യ വിവരങ്ങൾ പുറത്തുവിടാൻ ആശുപത്രിയ്ക്ക് അധികാരമില്ല. അസുഖമില്ലാതെ ആളെ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിൽ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വ്യക്തമാകുന്നതെന്നും അതിന് ആരോഗ്യ വകുപ്പ് മറുപടി പറയണമെന്നും കെ.കെ രമ വ്യക്തമാക്കി. 

ALSO READ: സച്ചിൻ ദേവ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കെകെ രമ; സ്പീക്കർക്കും സൈബർ സെല്ലിലും പരാതി നൽകി

തനിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായി രമ പറഞ്ഞു. ആക്രമണത്തിൻ്റെ ദൃശ്യം അന്ന് കിട്ടിയിരുന്നില്ല. പിന്നീട് തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഗൂഢാലോചന നടന്നതായുള്ള സംശയം തോന്നിയത്. അഞ്ചോ ആറോ ആളുകൾ ചേർന്ന് വലിച്ച് പൊക്കിയ ശേഷമാണ് ആക്രമിച്ചത്. പരിക്കേറ്റപ്പോൾ തന്നെ നിയമസഭയിലെ ക്ലിനിക്കിലുള്ള ഡോക്ടറുടെ അടുത്തേയ്ക്ക് പോയി. മരുന്നിട്ട ശേഷം ജില്ലാ ആശുപത്രിയിൽ പോയി എക്സ്റേ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. ആംബുലൻസിൽ പോകാനാണ് പറഞ്ഞത്. അങ്ങനെ പോയിരുന്നെങ്കിൽ കഥ ഇനിയും മോശമാകുമായിരുന്നുവെന്ന് കെ.കെ രമ പറഞ്ഞു. 

മറ്റ് രോഗികളുടെ മുന്നിൽ വെച്ചാണ് തന്നെ ജനറൽ ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ചത്. ഡോക്ടർ പ്ലാസ്റ്ററിടാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ സമയത്ത് മീഡിയയും അവിടെ ഉണ്ടായിരുന്നു. കൈക്ക് പരിക്കില്ലാത്ത ആൾക്ക് ഡോക്ടർ പ്ലാസ്റ്റർ ഇടുമോയെന്നും ഇത്തരം സംവിധാനങ്ങളാണോ സർക്കാർ ആശുപത്രികളിലുള്ളതെന്നും കെ.കെ രമ ചോദിച്ചു.

രമയുടെ കയ്യിൽ പൊട്ടലില്ലെന്നും പ്ലാസ്റ്റർ വ്യാജമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. രമയുടേതെന്ന പേരിൽ എക്സ്റേ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമയെ വിമർശിച്ച് എം.വി ഗോവിന്ദൻ രംഗത്തെത്തിയത്. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

ഇതിനിടെ സച്ചിൻ ദേവ് എംഎൽഎയ്ക്ക് എതിരെ സ്പീക്കർക്കും സൈബർ സെല്ലിലും കെ.കെ രമ പരാതി നൽകി. സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിൻ ദേവിനെതിരെ രമ പരാതി നൽകിയത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്നാണ് രമയുടെ ആരോപണം. സ്ക്രീൻ ഷോട്ട് സഹിതമാണ് കെ.കെ രമ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു എംഎൽഎ മറ്റൊരു എംഎൽഎക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!