തിരുവനന്തപുരം: വിരമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കേരള സാങ്കേതിക സർവകലാശാല (കെടിയു) വി സി സിസ തോമസിന് കുറ്റാരോപണ മെമ്മോ. സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വി സി സ്ഥാനം ഏറ്റെടുത്തതിനാണ് മെമ്മോ നൽകിയത്. അതേസമയം, സിസക്കെതിരെ സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകൾ നടത്തുന്നതിൽ വീഴ്ചയുണ്ടായി, ഫയലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നും മെമ്മോയിൽ പറയുന്നുണ്ട്. മെമ്മോക്ക് 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
Also Read- ഡോ. സജി ഗോപിനാഥ് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് സിസ തോമസിനെ സർക്കാർ നീക്കിയിരുന്നു. പകരം പദവി നൽകിയില്ല. എന്നാൽ, ഈ മാസം വിരമിക്കുന്ന സിസ തോമസിനെ തിരുവനന്തപുരത്തുതന്നെ നിയമിക്കാൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. തുടർന്ന്, ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പലായി സിസയെ നിയമിച്ചു.
Also Read- വിരമിക്കൽ ദിവസം നടപടിയ്ക്ക് നീക്കം; സിസ തോമസിനെ ഗവർണർ-സർക്കാർ പോരിന്റെ ബലിയാടാക്കരുതെന്ന് ട്രൈബ്യൂണൽ
യുജിസി മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വി സി എം എസ് രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാക്കിയതിനു പിന്നാലെ സർക്കാർ നൽകിയ പട്ടിക തള്ളിയാണ് സിസ തോമസിനെ ഗവർണർ വിസിയായി നിയമിച്ചത്. സിസ വിരമിക്കുന്നതിനാൽ, എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെ ഗവർണർ നിയമിച്ചിട്ടുണ്ട്. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ വിസിയായി നിയമിക്കുന്നവരുടെ പാനല്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സജി ഗോപിനാഥ് ഉള്‍പ്പെടെ മൂന്നു പേരുടെ പാനല്‍ ആണ് സര്‍ക്കാര്‍ നല്‍കിയത് ഇതില്‍ നിന്നാണ് നിയമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.