പാലക്കാട്: കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തി. വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ലോക്കോ പൈലറ്റിനെ മാലയിട്ട് സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്.
റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാരും സ്വീകരണ പരിപാടികളുടെ ഭാഗമായി. വന്ദേഭാരത് റേക്കുകൾ ഇന്നു വൈകിട്ടോടെ റേക്കുകൾ കൊച്ചുവേളിയിലെത്തും.
അതേസമയം, വന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് വ്യക്തമാക്കി. 16 കോച്ചുള്ള ട്രെയിൻ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരതിന്റെ ഉദ്ഘാടന സര്‍വീസിന് മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ക്രമീകരണങ്ങള്‍ വിലയിരുത്തും. വന്ദേ ഭാരത് സര്‍വീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
Also Read- കേരളത്തിന് വന്ദേഭാരത്; തിരുവനന്തപുരം-കണ്ണൂർ; ഏപ്രിൽ 25 പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യും
ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം -കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. ഏഴര മണിക്കൂർ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകൾ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറി.
കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.