പാലക്കാട്
ഏറെ കൊട്ടിഘോഷിച്ച് എത്തുന്ന വന്ദേഭാരത് ട്രെയിനിന് വഴിയൊരുക്കാൻ മറ്റ് ട്രെയിനുകൾ പിടിച്ചിടേണ്ടിയും വരും. എറണാകുളം മുതൽ -ഷൊർണൂർ വരെയുള്ള ഭാഗത്ത് നിലവിൽ ട്രാക്കിന് പ്രാപ്യമായ ശേഷിയേക്കാൾ കൂടുതൽ ട്രെയിൻ ഓടുന്നുണ്ട്. വന്ദേഭാരത് കൂടി വന്നാൽ നിലവിൽ ഓടുന്ന ട്രെയിനുകളൊക്കെ ഈ മേഖലയിൽ പിടിച്ചിടേണ്ടിവരും. ഇത് സാധാരണ യാത്രക്കാരെയായിരിക്കും ബാധിക്കുക. സ്ഥിരമായി ട്രെയിൻ വൈകും. അല്ലെങ്കിൽ നിലവിൽ ഓടുന്ന ട്രെയിനുകളുടെ സമയം മാറ്റണം.
സാധാരണ യാത്രക്കാർക്ക് അപ്രാപ്യമായ നിരക്കാണ് വന്ദേഭാരതിന്. ചെന്നൈ–-കോയമ്പത്തൂർ റൂട്ടിൽ ട്രെയിൻ ഓടുന്നുണ്ട്. അവിടെ എസി ചെയർ കാറിന് 1365 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2485 രൂപയുമാണ് നിരക്ക്. എന്നാൽ ചെന്നൈ മെയിലിൽ ഇതേ ദൂരം സഞ്ചരിക്കാൻ സ്ലീപ്പറിൽ 325 രൂപയും എസി ത്രീ ടയറിൽ 835 രൂപയും സെക്കൻഡ് എസിയിൽ 1170 രൂപയും ഫസ്‌റ്റ് ക്ലാസിൽ 1960 രൂപയുമാണ്. യാത്രാ സമയമാവട്ടെ ഒരു മണിക്കൂർ മാത്രമാണ് വ്യത്യാസം. കേരളത്തിൽ വളവുകൾ കൂടുതലുള്ളതിനാൽ സമയത്തിൽ വലിയ മാറ്റമുണ്ടാകില്ല. മണിക്കൂറിൽ നൂറ് കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ സഞ്ചരിക്കുമെന്നാണ് പറയുന്നത്. എന്നാൽ സംസ്ഥാനത്ത് വളരെക്കുറച്ച് ദൂരം മാത്രമേ ഈ വേഗത്തിൽ സഞ്ചരിക്കാനാവൂ.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് വന്ദേഭാരതത്തിന് സ്‌റ്റോപ്പുകൾ എന്നാണ് പ്രാഥമിക നിഗമനം. കേരളത്തിലെ ഏറ്റവും വലിയ സ്‌റ്റേഷനായ ഷൊർണൂരിൽ സ്‌റ്റോപ്പില്ല. പാലക്കാടിന് പ്രയോജനവുമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ